ലണ്ടന്‍: ആരാധകരുടെ കയ്യാങ്കളി നിറം കെടുത്തിയ രണ്ടാംപാദത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സമനിലയില്‍ തളച്ച് ലിവര്‍പൂള്‍ യുവേഫ യുറോപ്പ ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. ആദ്യ പാദത്തില്‍ 2-0നു ജയം കണ്ട ലിവര്‍പൂള്‍ ആകെ 3-1ന്റെ മുന്‍തൂക്കത്തോടെ അവസാന എട്ടിലൊന്നായി. ഓള്‍ഡ് ട്രാഫോഡില്‍ 32ാം മിനിറ്റില്‍ ആന്റണി മാര്‍ഷ്യലിലൂടെ ആതിഥേയര്‍ മുന്നിലെത്തിയെങ്കിലും 42ാം മിനിറ്റില്‍ ഫിലിപ്പ് കുട്ടീഞ്ഞ്യൊ ലിവര്‍പൂളിന് സമനില സമ്മാനിച്ചു.
മത്സരം അവസാനിക്കാറായതോടെ ലിവര്‍പൂള്‍ ആരാധകര്‍ ആഘോഷം തുടങ്ങിയതിനു പിന്നാലെയാണ് ഗ്യാലറിയില്‍ കൈയ്യാങ്കളിയുണ്ടായത്. സംഭവത്തില്‍ നാല് ലിവര്‍പൂള്‍ ആരാധകരെയും ഒരു യുണൈറ്റഡ് ആരാധകനെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് യുവേഫയും ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷനും അന്വേഷണം തുടങ്ങി.
ടോട്ടനത്തെ ഇരുപാദങ്ങളിലുമായി 5-1ന് തകര്‍ത്ത് ജര്‍മന്‍ ടീം ബൊറൂസിയ ഡോര്‍ട്ട്മുണ്ടും മുന്നേറി. ബൊറൂസിയയില്‍ മടക്കമില്ലാത്ത മൂന്നു ഗോളിന് ജയിച്ച ആതിഥേയര്‍, ടോട്ടനത്തിന്റെ മൈതാനത്ത് 2-1നും ജയം കണ്ടു. പോള്‍ എമറിക് ഔബമേയങ്ങിന്റെ ഇരട്ട ഗോളുകളാണ് ബൊറൂസിയയ്‌ക്ക് ജയം സമ്മാനിച്ചത്. 24, 70 മിനിറ്റുകളില്‍ ഔബമയേങ് സ്‌കോര്‍ ചെയ്തു. ഹ്യൂങ് മിന്‍ സണ്‍ ടോട്ടനത്തിന്റെ ആശ്വാസം.
സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നുള്ള എഫ്‌സി ബേസലിനെ മടക്കമില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തുരത്തിയാണ് നിലവിലെ ജേതാക്കള്‍ സെവിയ്യ അവസാന എട്ടില്‍ ഇടം നേടിയത്. ബേസലിന്റെ മൈതാനത്തെ ആദ്യ പാദം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചിരുന്നു. രണ്ടാം പാദത്തില്‍ കെവിന്‍ ഗമെയ്‌റൊയുടെ ഇരട്ട ഗോളുകളും ആദില്‍ റാമിയും സെവിയ്യക്ക് ജയം സമ്മാനിച്ചു. 35ാം മിനിറ്റില്‍ റാമിയിലൂടെ മുന്നിലെത്തിയ ചാമ്പ്യന്മാര്‍ക്കായി 44, 45 മിനിറ്റുകളില്‍ ഗമെയ്‌റൊ ലക്ഷ്യം കണ്ടു.
നാട്ടുകാരായ അത്‌ലറ്റികോ ബില്‍ബാവൊയോട് രണ്ടാം പാദത്തില്‍ 2-1ന് ജയിച്ചെങ്കിലും മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്പാനിഷ് ടീം വലന്‍സിയയ്‌ക്ക് പ്രീ ക്വാര്‍ട്ടറില്‍ കാലിടറി. സ്വന്തം തട്ടകത്തിലെ രണ്ടാം പാദത്തില്‍ വീണ സെല്‍ഫ് ഗോള്‍ സ്പാനിഷ് കരുത്തരുടെ വഴിമുടക്കി. 13ാം മിനിറ്റില്‍ സാന്റി മിനയിലൂടെയും 37ാം മിനിറ്റില്‍ അഡ്രെല്ലന്‍ സാന്റോസിലൂടെയും വ്യക്തമായ ലീഡെടുത്ത വലന്‍സിയയ്‌ക്ക് 75ാം മിനിറ്റില്‍ അദുരിസ് നേടിയ ഗോള്‍ തിരിച്ചടിയായി. ആദ്യ പാദത്തില്‍ സ്വന്തം മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചിരുന്ന ബില്‍ബാവൊയ്‌ക്ക് അദൂരിസിന്റെ എവേ ഗോള്‍ ഇരുപാദങ്ങളിലുമായി സമനിലയും ക്വാര്‍ട്ടര്‍ ബെര്‍ത്തും സമ്മാനിച്ചു.
വിയ്യ റയലിനോട് ആദ്യ പാദത്തില്‍ 2-0ന് തോറ്റത് ജര്‍മന്‍ ടീം ബെയര്‍ലെവര്‍കൂസന് തിരിച്ചടിയായി. രണ്ടാം പാദത്തില്‍ സ്വന്തം മൈതനാത്ത് ഗോള്‍രഹിത സമനില വഴങ്ങാനെ ലെവര്‍കൂസനായുള്ളു. ഇതോടെ, സ്പാനിഷ് ടീമിന് മുന്നോട്ടുള്ള വഴി സുഗമം.
ഇറ്റാലിയവന്‍ ടീം ലാസിയൊയ്‌ക്കും അടിപതറി. സ്പാര്‍ട്ട പ്രാഗ് ഇരുപാദങ്ങളിലുമായി 4-1ന്റെ മുന്‍തൂക്കത്തോടെ ക്വാര്‍ട്ടറിലേക്ക് മുന്നേറി. സ്പാര്‍ട്ടയുടെ മൈതാനത്ത് 1-1ന് സമനില സമ്പാദിച്ച ലാസിയോക്ക് സ്വന്തം മൈതാനത്ത് എല്ലാം നഷ്ടമായി. മടക്കമില്ലാത്ത മൂന്നു ഗോളിന് സ്പാര്‍ട്ട ജയിച്ചു കയറി.
ഷാക്തര്‍ ഡൊനെറ്റ്‌സ്‌കും ക്വാര്‍ട്ടറില്‍. ആന്‍ഡെര്‍ലെറ്റിനെ ഇരുപാദങ്ങളിലുമായി 4-1ന് കീഴടക്കി ഉക്രെയ്ന്‍ ടീമിന്റെ മുന്നേറ്റം. രണ്ടാം പാദത്തില്‍ ആന്‍ഡെര്‍ലെറ്റിന്റെ മൈതാനത്ത് 1-0ന് ജയം കണ്ടു ഷാക്തര്‍.
ഫെനര്‍ബാഷെയെ കീഴടക്കി സ്‌പോര്‍ട്ടിങ് ബ്രാഗയും മുന്നേറി. ഇരുപാദങ്ങളിലുമായി സ്‌കോര്‍ 4-2. എതിരാളിയുടെ തട്ടകത്തിലെ ആദ്യ പാദത്തില്‍ ഒരു ഗോളിന് തോല്‍വി ഏറ്റുവാങ്ങിയ സ്‌പോര്‍ട്ടിങ് രണ്ടാംപാദ ഹോം മത്സരത്തില്‍ കണക്കുതീര്‍ത്തി, 4-1ന് ജയം.
















