കൊല്‍ക്കത്ത: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് ഒന്നില്‍ നിലവിലെ ചാമ്പ്യന്‍ ശ്രീലങ്കയ്‌ക്ക് ആറു വിക്കറ്റ് ജയം. ഓപ്പണര്‍ തിലകരത്‌നെ ദില്‍ഷന്റെ (83 നോട്ടൗട്ട്) തകര്‍പ്പന്‍ പ്രകടനം അഫ്ഗാനിസ്ഥാന്റെ 153 റണ്‍സ് 18.5 ഓവറില്‍ മറികടക്കാന്‍ ലങ്കയെ സഹായിച്ചു. സ്‌കോര്‍: അഫ്ഗാനിസ്ഥാന്‍ – 153/7 (20), ശ്രീലങ്ക – 155/4 (18.5).
ആദ്യം ബാറ്റ് ചെയ്ത് നായകന്‍ അസ്ഗര്‍ സ്റ്റാനിക്‌സായിയുടെ (62) മികവില്‍ ഭേദപ്പെട്ട ലക്ഷ്യം വച്ചുനീട്ടിയ അഫ്ഗാനെ ദില്‍ഷന്‍ കടപുഴക്കി. 56 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സറും സഹിതം 83 റണ്‍സെടുത്തു ദില്‍ഷന്‍. നായകന്‍ ഏയ്ഞ്ചലോ മാത്യൂസ് (21 നോട്ടൗട്ട്), ദിനേശ് ചണ്ഡിമല്‍ (18), തിസര പെരേര (12), ചമര കപുഗെദര (10) എന്നിവര്‍ പിന്തുണ നല്‍കി. ദില്‍ഷനാണ് കളിയിലെ താരം.
















