മുംബൈ: ക്രിസ് ഗെയ്ല്‍ എന്ന വെടിക്കെട്ട് വീരന് മുന്നില്‍ ദയനീയമായി തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ടിന് ഇന്ന് രണ്ടാം അങ്കം. എതിരാളികള്‍ ദക്ഷിണാഫ്രിക്ക. ബുധനാഴ്ച നടന്ന മത്സരത്തിലാണ് ഇംഗ്ലണ്ട് വെസ്റ്റിന്‍ഡീസിന് മുന്നില്‍ കീഴടങ്ങിയത്. ആറ് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ പരാജയം.
വെസ്റ്റിന്‍ഡീസിനെതിരെ മികച്ച സ്‌കോര്‍ നേടിയിട്ടും ക്രിസ് ഗെയ്ല്‍ എന്ന ഹാര്‍ഡ് ഹിറ്റര്‍ക്ക് മുമ്പിലാണ് കീഴടങ്ങിയത്. 48 പന്തില്‍ നിന്ന് സെഞ്ചുറി നേടിയ ക്രിസ് ഗെയില്‍ ഇംഗ്ലീഷ് ബൗളര്‍മാരെ അക്ഷരാര്‍ത്ഥത്തില്‍ തച്ചുതകര്‍ക്കുകയായിരുന്നു. മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം നടത്തിയപ്പോള്‍ അവര്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് അടിച്ചുകൂട്ടി. ജോ റൂട്ട്, ഹെയ്ല്‍സ്, ബട്ട്‌ലര്‍, ക്യാപ്റ്റന്‍ മോര്‍ഗന്‍ എന്നിവര്‍ വിന്‍ഡീസിനെതിരെ ഭേദപ്പെട്ട സ്‌കോര്‍ നേടുകയും ചെയ്തു.
എന്നാല്‍ ബൗളര്‍മാരാണ് നിരാശപ്പെടുത്തിയത്. അവരെ കുറ്റം പറയാനും പറ്റില്ല. ഗെയ്‌ലിനെപ്പോലുള്ള ഒരാള്‍ ക്രീസില്‍ നിന്നാല്‍ എത്ര മികച്ച രീതിയില്‍ പന്തെറിഞ്ഞിട്ടും കാര്യമില്ല എന്ന് വീണ്ടും തെളിഞ്ഞു. ക്രിസ് ഗെയ്‌ലിന്റെ ബാറ്റിന്റെ ചൂടറിയാത്ത ഒരൊറ്റ ഇംഗ്ലീഷ് ബൗളറുമുണ്ടായില്ല എന്നതാണ് സത്യം. ക്രിസ് ജോര്‍ദാനും റീസ് ടോപലെയും വില്ലിയും ആദില്‍ റഷീദുമെല്ലാം ഗെയ്‌ലിന് മുന്നില്‍ നിസ്സഹായരായി.
ഗെയ്‌ലിനെപ്പോലെ തന്നെ ബൗളര്‍മാരെ മുച്ചൂടും മുടിക്കുന്ന ഡിവില്ലിയേഴ്‌സാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത്. ക്രീസില്‍ നിലയുറപ്പിച്ചുകഴിഞ്ഞാല്‍ എത്ര വലിയ സ്‌കോറും ഡിവില്ലിയേഴ്‌സിന് മുന്നില്‍ നിസ്സാരം. ഒപ്പം ക്യാപ്റ്റന്‍ ഡു പ്ലെസിസും ഹാഷിം ആംലയും ഡി കോക്കും ജെ.പി. ഡുമ്‌നിയും അടക്കമുള്ളവര്‍ ഒത്തുചേരുന്നതോടെ ദക്ഷിണാഫ്രിക്കന്‍ കരുത്ത് ഏറെ കൂടും. ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നായകന്‍ സ്‌റ്റെയിനാണ്. റബാദ, അബോട്ട്, മോറിസ്, എന്നിവര്‍ക്കൊപ്പം സ്പിന്നര്‍ ഇമ്രാന്‍ താഹിറും ചേരുമ്പോള്‍ എതിരാളികള്‍ക്ക് ഭയക്കാതെ തരമില്ല. പ്രതേ്യകിച്ച് ഇന്ത്യന്‍ പിച്ചുകളില്‍ താഹിറിന്റെ പ്രകടനം ഏറെ നിര്‍ണായകമാണ്.
















