മൂന്നാര്‍: ചിട്ടിയ്‌ക്ക് പലിശ നല്‍കിയില്ലെന്ന കാരണത്താല്‍ രണ്ടു സ്ത്രീകള്‍ക്ക് മര്‍ദ്ദനമേറ്റു. മൂന്നാര്‍ പെരിയവര എസ്റ്റേറ്റ് ചോലമല ഡിവിഷനില്‍ സ്വദേശികളായ രത്തിനം (36)) ഗുരുവമ്മ (48) എന്നിവര്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. പലിശ നല്‍കാത്തതിനെ തുടര്‍ന്ന് വീടില്‍ അതിക്രമിച്ചു കയറി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മര്‍ദ്ദനമേറ്റവര്‍ പറഞ്ഞു. പരിക്കേറ്റ ഗുരുവമ്മയുടെ മരുമകളാണ് രത്തിനം. രത്തിനത്തിന് വലതു കൈയ്യിലും ഗുരുവമ്മയ്‌ക്ക് തലയ്‌ക്കും പരിക്കുണ്ട്. പരിക്കേറ്റ ഇരുവരും ടാറ്റാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പെരിയവര എസ്റ്റേറ്റ് ചോലമല ഡിവിഷന്‍ സ്വദേശിയായ മുത്തുരാജ് എന്നയാളുടെ പക്കന്‍ നിന്നും അമ്പതിനായിരം രൂപയുടെ ചിട്ടിചേരുകയും ആയിരം രൂപ വീതം മാസം തോറും തിരികെയടച്ച് ചിട്ടി ക്ലോസ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ചിട്ടി പൂര്‍ത്തിയായിട്ടും പലിശ വീണ്ടും ആവശ്യപ്പെട്ട് മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നുവെന്നും പരിക്കേറ്റവര്‍ പറഞ്ഞു.സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
















