മുംബൈ: ട്വന്റി 20യില്‍ അപരാജിത കുതിപ്പ് നടത്തുന്ന ഇന്ത്യക്ക് ഇന്ന് രണ്ടാം സന്നാഹ മത്സരം. ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ എതിരാളികള്‍ ദക്ഷിണാഫ്രിക്ക. ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരമാണ് ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കും.
ഏഷ്യാ കപ്പ് കിരീടനേട്ടത്തിന് പിന്നാലെ വ്യാഴാഴ്ച രാത്രി വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ സന്നാഹം വിജയച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ബൗളര്‍മാരുടെ മികവിലായിരുന്നു ഇന്ത്യന്‍ വിജയം. ഈ മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി പന്തെറിഞ്ഞവരില്‍ അശ്വിന് പുറമെ എല്ലാവര്‍ക്കും വിക്കറ്റ് ലഭിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 140 റണ്‍സിന് ഓള്‍ ഔട്ടായി.
പരിക്കില്‍ നിന്ന് മുക്തനായി ടീമില്‍ മടങ്ങിയെത്തിയ മുഹമ്മദ് ഷാമി രണ്ട് വിക്കറ്റ് വീഴ്‌ത്തി കളിയില്‍ തിളങ്ങി. ഷാമിക്ക് പുറമെയുവതാരങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, പവന്‍ നേഗി, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടും ഹര്‍ഭജന്‍ സിങ്, ജസ്പ്രീത് ബുംമ്‌റ ഓരോ വിക്കറ്റും വീഴ്‌ത്തി. ഒരാള്‍ക്കുപോലും മികച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്ന വിന്‍ഡീസ് നിരയില്‍ 11 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത ഓപ്പണര്‍ ക്രിസ് ഗെയിലാണ് ടോപ്‌സ്‌കോറര്‍.
ആന്ദ്രെ റസ്സല്‍ 19ഉം ജോണ്‍സണ്‍ ചാള്‍സ് 18ഉം മര്‍ലോണ്‍ സാമുവല്‍സ് 17ഉം ഡ്വയ്ന്‍ ബ്രാവോ (13), ജാസണ്‍ ഹോള്‍ഡര്‍ (പുറത്താകാതെ 13) എന്നിവരും രണ്ടക്കം കടന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ നിരയില്‍ 57 പന്തില്‍ നിന്ന് പുറത്താകാതെ 98 റണ്‍സെടുത്ത രോഹിത് ശര്‍മ്മയാണ് മിന്നുന്ന പ്രകടനം നടത്തിയത്. യുവരാജ് 31ഉം ശിഖര്‍ ധവാന്‍ 21ഉം റണ്‍സെടുത്തു. വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചപ്പോള്‍ പകരം ടീമിലെത്തിയ അജിന്‍ക്യ രഹാനെ 7 റണ്‍സെടുത്ത് നിരാശപ്പെടുത്തി.
ഇന്ന് ഇന്ത്യക്കെതിരെ പരിശീലന മത്സരത്തിന് ഇറങ്ങുമ്പോള്‍ സമ്മര്‍ദ്ദം ദക്ഷിണാഫ്രിക്കക്കാണ്. ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര നഷ്ടപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കുന്നതിനൊപ്പം വിജയവഴിയിലേക്ക് തിരിച്ചെത്തുക എന്നതും ഡിവില്ലിയേഴ്‌സിന്റെയും കൂട്ടരുടെയും ലക്ഷ്യം. ഹാഷിം ആംല, ഡുപ്ലെസിസ്, ഡിവില്ലിയേഴ്‌സ്, ഡി കോക്ക് എന്നിവര്‍ ബാറ്റിങ്ങിലെ കരുത്തരാകുമ്പോള്‍ ബൗളിങിന്റെ കുന്തമുന ഡെയ്ല്‍ സ്‌റ്റെയിന്‍. സ്പിന്‍ നിയന്ത്രിക്കുന്നത് ഇംറാന്‍ താഹിറും.
















