ന്യൂദല്‍ഹി: ഐപിഎല്‍ ഒമ്പതാം പതിപ്പിന്റെ ഉദ്ഘാടന മത്സരം നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും ടൂര്‍ണമെന്റിലെ പുതുമുഖങ്ങളായ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സും തമ്മില്‍. ഏപ്രില്‍ ഒമ്പതിന് മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് ആദ്യ മത്സരം. മേയ് 29ന് നടക്കുന്ന ഫൈനലിനും വാങ്കഡെ വേദിയാകും.
51 ദിവസങ്ങളിലായി 60 മത്സരങ്ങളാണ് ഐപിഎല്‍ ഒന്‍പതാം പതിപ്പില്‍ നടക്കുന്നത്. 10 വേദികളിലായാണ് പോരാട്ടങ്ങള്‍. മൊഹാലി, ദല്‍ഹി, മുംബൈ, നാഗ്പൂര്‍, പൂനെ, ബെംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, രാജ്‌കോട്ട്, റായ്‌പൂര്‍ എന്നിവിടങ്ങളാണ് വേദികള്‍. പുതിയ വേദിയായ റായ്‌പുരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ഹോം മത്സരങ്ങളും നാഗ്പുരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മൂന്ന് ഹോം മത്സരങ്ങളും അരങ്ങേറുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല അറിയിച്ചു.
ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും ഒഴിവാക്കിയിരുന്നു. ഈ ടീമുകള്‍ക്ക് പകരമായാണ് ഗുജറാത്ത് ലയണ്‍സും റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സും ഇത്തവണ ആദ്യമായി ഐപിഎല്ലില്‍ കളിക്കാനിറങ്ങുന്നത്. രണ്ട് വര്‍ഷത്തേക്കാണ് ചെന്നൈ, രാജസ്ഥാന്‍ ടീമുകളെ പുറത്താക്കിയത്. ഗുജറാത്ത് ലയണ്‍സിന്റെ ആദ്യ മത്സരം 11ന് കിങ്‌സ് ഇലവന്‍ പഞ്ചാബുമായാണ്.
















