നാഗ്പൂര്‍: എഴുപതാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ സര്‍വ്വീസസും ആതിഥേയരായ മഹാരാഷ്‌ട്രയും ഏറ്റുമുട്ടും. സര്‍വ്വീസസ് ഗോവയെയും മഹാരാഷ്‌ട്ര തമിഴ്‌നാടിനെയും കീഴടക്കിയാണ് കലാശക്കളിക്ക് യോഗ്യത നേടിയത്. സര്‍വ്വീസസ് പത്താം തവണയും മഹാരാഷ്‌ട്ര 16-ാം തവണയുമാണ് ഫൈനല്‍ കളിക്കുന്നത്.
കരുത്തരായ ഗോവക്കെതിരെ നടന്ന മത്സരത്തില്‍സെല്‍ഫ് ഗോളാണ് സര്‍വ്വീസസിന്
ജയം നേടിക്കൊടുത്തത്. അധികസമയത്തേക്ക് നീണ്ട കളിയില്‍ 115-ാം മിനിറ്റില്‍ ഗോവയുടെ മുഹമ്മദ് അലിയാണ് സ്വന്തം വലയില്‍ പന്തെത്തിച്ച് ടീമിനെ തോല്‍വിയിലേക്ക് തള്ളിവിട്ടത്.
തമിഴ്‌നാടിനെതിരായ രണ്ടാം സെമിഫൈനലും സെല്‍ഫ് ഗോളാണ് കളിയുടെ വിധി നിര്‍ണയിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് മഹാരാഷ്‌ട്ര വിജയിച്ചത്.
കളിയുടെ 58-ാം മിനിറ്റില്‍ തമിഴ്‌നാടിന്റെ പ്രേംകുമാറാണ് സ്വന്തം വലയില്‍ പന്തെത്തിച്ചത്. 2005-06ന് ശേഷം മഹാരാഷ്‌ട്രയുടെ ആദ്യ ഫൈനല്‍ പ്രവേശനമാണ് ഇത്തവണ. ഞായറാഴ്ചയാണ് ഫൈനല്‍.
















