ഓക്‌ലാന്‍ഡ്: കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ ന്യൂസിലാന്‍ഡ് നായകന്‍ മാര്‍ട്ടിന്‍ ക്രോ ഇനി ഓര്‍മ്മയില്‍ മാത്രം. കഴിഞ്ഞയാഴ്ച അര്‍ബുദബാധയെത്തുടര്‍ന്ന് അന്തരിച്ച മാര്‍ട്ടിന്‍ ക്രോയുടെ ശവസംസ്‌കാരം ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ഓക്‌ലാന്‍ഡിലെ ട്രിനിറ്റി കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്നു. ആരാധകര്‍ക്കായി ന്യൂസിലാന്‍ഡ് ടെലിവിഷനുകളിലും ഓണ്‍ലൈനുകളിലും സംസ്‌കാരച്ചടങ്ങുകളുടെ തത്സമയപ്രക്ഷേപണമുണ്ടായിരുന്നു.
ക്രോയുടെ ഭാര്യ ലോറൈന്‍ ഡൗണ്‍സ്, സഹോദരനും മുന്‍ കിവീസ് നായകനുമായ ജെഫ് ക്രോ, മുന്‍ കിവീസ് താരം ഇയാന്‍ സ്മിത്ത്, ബൗളിങ് ഇതിഹാസം റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി, ന്യൂസിലാന്‍ഡ് ക്രിക്കറ്റ് സിഇഒ ഡേവിഡ് വൈറ്റ്, പ്രസിഡന്റ് സ്റ്റീഫന്‍ ബൂക്ക്, മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ഗ്രേഗ് ചാപ്പല്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
1992 ലോകകപ്പില്‍ ക്രോ നടത്തിയ പരീക്ഷണങ്ങളാണ് ടീമിനെ സെമി ഫൈനല്‍ വരെ എത്തിച്ചതെന്ന് കിവീസ് താരം ഇയാന്‍ സ്മിത് അനുസ്മരിച്ചു. എല്ലാവര്‍ക്കും അദ്ദേഹം ഒരു പ്രചോദനമാണെന്ന് സഹോദരന്‍ ജെഫ് ക്രോ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെ 142 റണ്‍സ് എടുത്ത ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തുകൊണ്ടാണ് സംസ്‌കാരച്ചടങ്ങുകളുടെ തുടക്കം. 1982-ല്‍ ഓസ്‌ട്രേലിയക്കെതിരെ ആയിരുന്നു ക്രോയുടെ അരങ്ങേറ്റം. 1995ല്‍ ഇന്ത്യക്കെതിരെയുള്ള പരമ്പരയ്‌ക്കുശേഷം ക്രോ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.
















