തൊടുപുഴ : പ്രൊഫ.ജോസഫ് അഗസ്റ്റിന് മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ചരിത്രത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ചരിത്രവിഭാഗം മേധാവിയായിരുന്ന ജോസഫ് അഗസ്റ്റിന്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് പിഎച്ച്ഡി ലഭിക്കുന്നത്. പൂര്‍വ്വാധുനിക കേരളത്തിലെ നാണയങ്ങളും നാണ്യവ്യവസ്ഥയും എന്ന വിഷയത്തില്‍ മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.രാജന്‍ ഗുരുക്കളുടെ മേല്‍നോട്ടത്തില്‍ നടത്തിയ ഗവേഷണത്തിനാണ് ഡോക്ടറേറ്റ്. ചരിത്രശാഖയായ ന്യൂമിസ്മാറ്റിക്‌സില്‍ (നാണയ പഠനശാസ്ത്രം) കേരളത്തില്‍ ആദ്യമായാണ് ഒരു ഗവേഷണ പ്രബന്ധം ഉണ്ടാകുന്നത്. സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷം ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന ജോസഫ് അഗസ്റ്റിന് മഹാത്മാഗാന്ധി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം, ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മണക്കാട് ഗ്രാമപഞ്ചായത്തംഗം, തൊടുപുഴ താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍, പുതുപ്പരിയാരം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുള്ള ഇദ്ദേഹം 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊടുപുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. നെടിയശാല കുന്നംകോട്ട് കുടുംബാംഗമാണ്. മുവാറ്റുപുഴ വാണിജ്യ നികുതി ഓഫീസര്‍ ജെസമ്മയാണ് ഭാര്യ. ബംഗ്ലൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി അഗസ്റ്റിന്‍, മൈസൂര്‍ സെന്റ് ഫിലോമിനാസ് കോളേജ് വിദ്യാര്‍ത്ഥി അമലു എന്നിവര്‍ മക്കള്‍.
















