ആലുവ: പിതൃമോക്ഷപ്രാപ്തിക്കായി പെരിയാറില്‍ മുങ്ങികുളിച്ച് ബലിതര്‍പ്പണത്തിനായി ജനലക്ഷങ്ങള്‍ ആലുവ മണപ്പുറത്തേക്ക് ഒഴുകിയെത്തി. ഇന്നലെ ഉച്ചമുതല്‍ മണപ്പുറത്തേക്കുള്ള എല്ലാവഴികളും ഭക്തരെ കൊണ്ടു നിറഞ്ഞുകവിഞ്ഞിരുന്നു. സന്ധ്യയായതോടെ മണപ്പുറത്തെ മണല്‍ത്തരികള്‍ പോലും കാണാനാകാവാത്ത വിധം ജനസഞ്ചയമായി. അരിഭക്ഷണം ഉപേക്ഷിച്ച് മണപ്പുറത്ത് ശിവപഞ്ചാക്ഷരിമന്ത്രോച്ചാരണവുമായി ഉറക്കമുളച്ച ശേഷമായിരുന്നു ഭക്തര്‍ ബലിതര്‍പ്പണം നടത്തിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ മണപ്പുറത്തും ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അൈദ്വതാശ്രമത്തിലുമാണ് ബിലതര്‍പ്പണ ചടങ്ങുകള്‍ നടന്നത്.
ഇന്നലെ രാത്രി ആരംഭിച്ച തര്‍പ്പണ തിരക്കുകള്‍ ഇന്ന് ഉച്ചവരെയുണ്ടാകും. നാളെ രാവിലെ 6.45വരെ വാവുള്ളതിനാല്‍ തര്‍പ്പണ ചടങ്ങുകള്‍ നീണ്ടുനില്‍ക്കും. ആലുവയിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍, കെഎസ്ആര്‍ടിസി ബസുകള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ജനങ്ങള്‍ക്ക് സൗകര്യമായി. മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ തന്ത്രി ചേന്നാസ് മനക്കല്‍ പരമേശ്വരന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി മുല്ലപ്പിള്ളി മനയ്‌ക്കല്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന പൂജകള്‍ക്ക് ശേഷമാണ് മണപ്പുറത്തെ തര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചത്.
അൈദ്വതാശ്രമത്തില്‍ സെക്രട്ടറി ശിവസ്വരൂപാനന്ദ സ്വാമി, ധര്‍മ്മവൃത സ്വാമി, പി.കെ. ജയന്തന്‍ ശാന്തി, മധു ശാന്തി, ദിലീപ് ശാന്തി, ആര്‍. ചന്ദ്രശേഖരന്‍, ശ്രീനാരായണപ്രസാദ് തന്ത്രികള്‍, ബ്രഹ്മചാരി വിശ്വംഭരന്‍ എന്നിവര്‍ കാര്‍മ്മികളായിരുന്നു. ശിവരാത്രി നാളില്‍ ഇന്ത്യയില്‍ ഏറ്റവും അധികം ഭക്തര്‍ ബലിതര്‍പ്പണത്തിനെത്തുന്നത് ആലുവ മണപ്പുറത്താണ്.
















