ചെങ്ങന്നൂര്‍: പുറമ്പോക്കു ഭൂമിയില്‍ പി.സി. വിഷ്ണുനാഥ് എംഎല്‍എ അനുമതി ഇല്ലാതെ പൊതുമരാമത്തിനുവേണ്ടി കെട്ടിടം പണിയാന്‍ നടത്തിയ ശ്രമം റവന്യു അധികൃതര്‍ തടഞ്ഞു. വസ്തു നിരപ്പാക്കാന്‍ ഉപയോഗിച്ച ജെസിബിയും അധികൃതര്‍ പിടിച്ചെടുത്തു.
കഴിഞ്ഞ ഒന്നിന് വൈകിട്ട് ആറിന് നടത്താനിരുന്ന ഉദ്ഘാടന തട്ടിപ്പാണ് അധികൃതരുടെ ഇടപെടലില്‍ പൊളിഞ്ഞത്. റവന്യു വകുപ്പിന്റെ അനുമതിയില്ലാതെ പൊതുമരാമത്ത് വകുപ്പ് അധികൃതരും എംഎല്‍എയും ചേര്‍ന്ന് ഭൂമി കൈയേറി ആശ്വാസ് പബ്ലിക് അമിനിറ്റി സെന്ററിന്റെ ശിലാസ്ഥാപനം നടത്താനാണ് ശ്രമിച്ചത്.
ചെങ്ങന്നൂര്‍ വില്ലേജില്‍ ഗവ.ആശുപത്രിക്ക് സമീപം സര്‍വ്വേ നമ്പര്‍ 206/5ല്‍പ്പെട്ട എട്ട് സെന്റ് എംസി റോഡിനോട് ചേര്‍ന്ന് റവന്യു പുറമ്പോക്കായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ സ്ഥലം മുള്ളുവേലി ഇട്ട് തിരിച്ച് സര്‍ക്കാര്‍ വക ഭൂമി എന്ന് രേഖപ്പെടുത്തിയിരുന്നു.
എംഎല്‍എ യുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ വകയിരുത്തി ഇവിടെ കെട്ടിടം പണിയുടെ പേരില്‍ ശിലയിടാന്‍ ശ്രമിച്ചത്. സാധാരണ നടപടി ക്രമം അനുസരിച്ച് ഭൂമി ഏത് വകുപ്പിന്റ ഉടമസ്ഥതിയിലാണ് എന്ന് കണ്ടെത്തിയ ശേഷം അവരുടെ അനുമതി വാങ്ങിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം ഏതു നിമിഷവും എത്തുമെന്നുള്ള ആശങ്കയില്‍ നടപടി ക്രമങ്ങള്‍ പാലിക്കാതെ ഭൂമി കൈയ്യേറി എംഎല്‍എ ശിലാസ്ഥാപന കര്‍മ്മം നടത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് റവന്യു അധികൃതര്‍ നിര്‍മ്മാണ പ്രവര്‍നങ്ങളും ശിലാസ്ഥാപന കര്‍മ്മവും തടസ്സപ്പെടുത്തിയത്.
















