കൊച്ചി: കിഴക്കമ്പലത്തെ കിറ്റെക്‌സ് കമ്പനിയുടെ ബിഎസ്എന്‍എല്‍ ഫോണ്‍ രാജ്യത്തിനെതിരായുള്ള പ്രവര്‍ത്തനത്തിന് ഉപയോഗിച്ചോയെന്നതു സംബന്ധിച്ച് അനേ്വഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കമ്പനി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഏതുതരത്തിലുള്ള അനേ്വഷണമാണ് ഇക്കാര്യത്തില്‍ നടത്തേണ്ടതെന്ന നിലപാട് വ്യക്തമാക്കാന്‍ നിര്‍ദേശിച്ചു.
86 ലക്ഷം രൂപ ഫോണ്‍ ബില്‍ നല്‍കണമെന്ന ബിഎസ്എന്‍എല്ലിന്റെ നിര്‍ദേശം ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു.
ഫെബ്രുവരി രണ്ടുമുതല്‍ 22 വരെയുള്ള തീയതികളിലെ ബില്‍തുകയായ 86 ലക്ഷം രൂപ അടയ്‌ക്കണമെന്നുകാണിച്ച് ബിഎസ്എന്‍എല്ലില്‍ നിന്ന് കമ്പനിക്ക് അറിയിപ്പ് കിട്ടിയിരുന്നു. ഇതേതുടര്‍ന്ന് കമ്പനി അധികൃതര്‍ ബിഎസ്എന്‍എല്ലിനെ സമീപിച്ചപ്പോഴാണ് ഇന്റര്‍നാഷണല്‍ കോളുകളാണ് ഈ കാലയളവില്‍ വിളിച്ചതെന്നു കണ്ടെത്തിയത്. വിളിച്ച നമ്പരുകളിലേക്ക് ഒരിക്കല്‍പോലും കമ്പനി ബിസിനസ് ആവശ്യങ്ങള്‍ക്കു വിളിച്ചിട്ടില്ല. തന്നെയുമല്ല രാഷ്‌ട്രപതിയുടെ കൊച്ചി സന്ദര്‍ശനത്തിനു മൂന്നുദിവസം മുന്‍പാണ് ഇന്റര്‍നാഷണല്‍ കോളുകള്‍ വിളിച്ചിട്ടുള്ളത്.
















