നെടുങ്കണ്ടം: കെഎസ്ആര്‍ടിസി നെടുങ്കണ്ടം ഓപ്പറേറ്റിംഗ് സെന്റര്‍ തുറന്നതോടെ പുതുതായി 10 സര്‍വ്വീസുകള്‍ ആരംഭിച്ചു. നെടുങ്കണ്ടംകാസര്‍കോട് ആണ് പുതുതായി ആരംഭിച്ച ദീര്‍ഘദൂര സര്‍വ്വീസ്. വൈകിട്ട് മൂന്നിന് നെടുങ്കണ്ടത്തുനിന്നും പുറപ്പെട്ട് കട്ടപ്പന,ചെറുതോണി,മൂലമറ്റം, തൊടുപുഴ,തൃശൂര്‍ കോഴിക്കോട,്കണ്ണൂര്‍ വഴി രാവിലെ 6.20 ന് കാസര്‍കോട് എത്തിച്ചേരും. വൈകിട്ട് 6.30ന് കാസര്‍കോട്ട് നിന്ന് പുറപ്പെട്ട് രാവിലെ 10.15 ന് തിരികെ എത്തും വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. വെളുപ്പിന് 1.35 ന് കോട്ടയത്തിനും, രാവിലെ 4.40ന് കൊട്ടാരക്കരയ്‌ക്കും, 4.55 ന് എറണാകുളത്തിനും, 5.30 ന് ആലപ്പുഴയ്‌ക്കും, 6.30 ന് തിരുവനന്തപുരത്തിനും, 6.40 ന് എറണാകുളത്തിനും, 8.10 നും, 8.40 നും ചങ്ങനാശേരിക്കും 9.35 ന് എറണാകുളത്തിനുമാണ് പുതുതായി ആരംഭിച്ചിരിക്കുന്ന ബസ് സര്‍വ്വീസുകള്‍. ഉടുമ്പന്‍ചോല എം.എല്‍.എ കെ.കെ. ജയചന്ദ്രന്‍ ഓപ്പറേറ്റിംഗ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ശ്രീമന്ദിരം ശശികുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ഓപ്പറേറ്റിംഗ് സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നെടുങ്കണ്ടം ഉള്‍പ്പെടുന്ന പ്രദേശം തമിഴ്‌നാടിനോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസ് ആരംഭിക്കാന്‍ പരിഗണനയുള്ളതായി ഡയറക്ടര്‍ ബോര്‍ഡ് അംഗം ശ്രീമന്ദിരം ശശികുമാര്‍ പറഞ്ഞു. ജീവനക്കാരുടെ താമസം, സ്റ്റേഷന്‍മാസ്റ്ററുടെ ഓഫീസ്, ക്യാഷ്‌കൗണ്ടര്‍ എന്നിവ നെടുങ്കണ്ടം സ്റ്റേഡിയത്തിന് സമീപവും, ഗ്യാരേജും വര്‍ക്ക്‌ഷോപ്പും മിനി ബസ്റ്റാന്റിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. യോഗത്തില്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരന്‍ മുഖ്യപ്രഭാഷണം നടത്തി.
















