ഇടുക്കി: പീരുമേട് പാമ്പനാറില്‍ വണ്ടിയില്‍ ആളെ കയറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം. 5 ബിഎംഎസ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. സിഐറ്റിയു പ്രവര്‍ത്തകരായ ജീപ്പ് ഡ്രൈവര്‍മാരടങ്ങുന്ന സംഘമാണ് ബിഎംഎസ് ഓട്ടോ തൊഴിലാളികളെ ആക്രമിച്ചത്. സംഭവത്തില്‍ പരിക്കേറ്റ പാമ്പനാര്‍ സ്വദേശികളായ പ്രശാന്ത്, റോബിന്, ആന്റണി, പ്രതാപ്, ജിനീഷ് എന്നിവരെ പീരുമേട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് പാമ്പനാര്‍ മാര്‍ക്കറ്റിന് സമീപത്ത് വച്ച് ഓട്ടംപോകുകയായിരുന്ന റോബിനെ ഓട്ടോറിക്ഷ തടഞ്ഞ് നിര്‍ത്തി സിഐറ്റിയു ഗുണ്ടകള്‍ ആക്രമിച്ചത്. സംഭവമറിഞ്ഞെത്തിയ മറ്റ് ഓട്ടോ ഡ്രൈവര്‍മാരെയും സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജിജിമോന്റെ നേതൃത്വത്തിലുള്ള 30 അംഗ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. നിരവധി കേസുകളിലെ പ്രതിയായ റെജി, തങ്കപ്പന് ചെപ്പുകുളം, നേതാക്കളായ സുമേഷ് കല്ലാര്‍, സെന്തില്‍, മഹേഷ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. പീരുമേട് താലൂക്കില്‍ നിരവധിപേര്‍ സിപിഎം വിട്ട് ബിഎംഎസിലേക്കും ബിജെപിയിലേക്കും അടുത്തിടെ എത്തിയിരുന്നു. ഇതില്‍ രോക്ഷംപൂണ്ട സിപിഎം ഗുണ്ടകളാണ് പ്രദേശത്ത് ആക്രമണം അഴിച്ചവിട്ടത്. കഴിഞ്ഞ ദിവസവും പ്രദേശത്ത് ചെറിയതോതില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഭവത്തില്‍ പീരുമേട് പോലീസ് കേസെടുത്തു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: