സൂറിച്ച്: ലോക ഫുട്ബോള്‍ സംഘടനയായ ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. തുടര്‍ച്ചയായി അഞ്ചു തവണ ഫിഫ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സെപ് ബ്ലാറ്റര്‍ക്ക് അഴിമതി ആരോപണത്തെ തുടര്‍ന്ന് അധികാരം നഷ്ടമാവുകയും എട്ടു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തതോടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
പുതിയ അധ്യക്ഷനാകാന്‍ മൂന്ന് വന്‍കരകളുടെ പ്രതിനിധികളായി അഞ്ചു പേരാണ് മത്സരിക്കുന്നത്. പട്ടികയില്‍ ആറാമനായിരുന്ന യൂറോപ്യന്‍ സമിതി അധ്യക്ഷന്‍ മിഷേല്‍ പ്ലാറ്റീനിക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതോടെ അയോഗ്യനായതാണ് സ്ഥാനാര്‍ഥിപ്പട്ടിക അഞ്ചുപേരിലേക്ക് ചുരുക്കിയത്.
അതേസമയം, തെരഞ്ഞെടുപ്പ് സസ്പെന്‍ഡ് ചെയ്യണമെന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോര്‍ദാനിലെ അലി ബിന്‍ ഹുസൈന് രാജകുമാരന്റെ ആവശ്യം അന്താരാഷ്ട്ര സ്പോര്‍ട്സ് ആര്ബിട്രേഷന് തള്ളി. സുതാര്യമായ പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കണമെന്നാവശ്യപ്പെട്ടാണ് അലി ആര്‍ബിട്രേഷനെ സമീപിച്ചത്. ഈയാവശ്യമുന്നയിച്ച് ആദ്യം ഫിഫയെയാണ് അലി രാജകുമാരന് സമീപിച്ചത്. ഫിഫ നിരസിച്ചതോട ആര്ബിട്രേഷനിലെത്തുകയായിരുന്നു.
അലി രാജകുമാരനു പുറമെ ബഹ്റൈനില്‍നിന്നുള്ള ഷെയ്ഖ് സല്മാന് ബിന്‍ ഇബ്രാഹിം അല്‍ ഖലീഫയും (ഏഷ്യന്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ്), ആഫ്രിക്കന്‍ പ്രതിനിധിയായി നെല്‍സണ്‍ മണ്ടേലയുടെ സഹപ്രവര്‍ത്തകനായിരുന്ന വ്യവസായി ടോക്യോ സെക്സ്വാല്, ഫിഫ മുന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ജെറോം ഷാംപെയ്ന്‍, യുവേഫ ജനറല്‍ സെക്രട്ടറി ജിയാനി ഇന്ഫന്റീന് എന്നിവരും മത്സരരംഗത്തുണ്ട്. ശൈഖ് സല്മാന് ബിന്‍ ഇബ്രാഹിം അല്‍ ഖലീഫയും ഗിയാനി ഇന്‍ഫന്റിനയും തമ്മിലാണ് പ്രധാന പോരാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: