ആലുവ: വിദ്യാര്‍ത്ഥി അദ്ധ്യാപക പ്രതിഷേധത്തിനിടെ കനത്ത പോലീസ് സംരക്ഷണയില്‍ ആലുവ യുസി കോളേജിന് സ്വയംഭരണ പദവി നല്‍കുന്നതിനായി യുജിസി നിയോഗിച്ച വിദഗ്ധ സമിതി കോളേജില്‍ പരിശോധന ആരംഭിച്ചു. ഇന്നും പരിശോധന തുടരും.
ഇന്നലെ രാവിലെ എട്ടരയോടെ സമിതി അംഗങ്ങള്‍ കോളേജിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഉള്‍പ്പെടെ 75 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കഴിഞ്ഞ ഡിസംബറില്‍ സംഘം പരിശോധനക്കെത്തിയപ്പോഴും കനത്ത പ്രതിഷേധം നടന്നതിനാല്‍ പരിശോധന നടന്നിരുന്നില്ല. ഇതേതുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്നും പൊലീസ് സംരക്ഷണം വാങ്ങിയ ശേഷമാണ് ഇന്നലെ പരിശോധനക്കെത്തിയത്. ആലുവ സിഐ ടി.ബി വിജയന്റെ നേതൃത്വത്തില്‍ 75 ഓളം വിദ്യാര്‍ത്ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്യാന്‍ വനിതാ പോലീസ് ഇല്ലാത്തതിന്റെ പേരില്‍ സമരക്കാരുമായി പോലീസിന് ബലപ്രയോഗം നടത്തേണ്ടി വന്നു.
അറസ്റ്റ് ചെയ്ത് നീക്കിയ ശേഷവും പിന്നീട് വന്ന അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കോളേജിന് സമീപം യുജിസി സംഘത്തിനെതിരെ മുദ്രാവാക്യം വിളികളുമായി നിന്നു. ഇന്നലെ വൈകിട്ടും കോളേജ് പരിസരത്ത് പ്രതിഷേധം നടക്കുകയാണ്. ഇന്നും പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം. വിദ്യാര്‍ത്ഥി സംഘടനകളായ എബിവിപി, കെഎസ്യു, എസ്എഫ്ഐ, എഐഎസ്എഫും അധ്യാപക സംഘടനകളായ എകെപിസിടിഎ, കെപിസിടിഎ എന്നിവയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: