കൊച്ചി: സംസ്ഥാനത്തെ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനത്തിനു യുജിസി നിശ്ചയിക്കുന്ന യോഗ്യത വേണമെന്ന ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ടു തലയോലപ്പറമ്പ് ഡിബി കോളജിലെ ഡോ. വിജയലക്ഷ്മി ഉള്‍പ്പെടെ ഒന്‍പതോളം അധ്യാപകര്‍ സമര്‍പ്പിച്ച ഹര്‍ജികളും, അപ്പീലുകളും പരിഗണിച്ചാണ് ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്ക്, എ ഹരിപ്രസാദ്, പിബി സുരേഷ്കുമാര്‍ എന്നിവരുള്‍പ്പെട്ട ഫുള്‍ ബെഞ്ചിന്റെ ഉത്തരവ്.
2010ല്‍ യുജിസി നല്കിയ നിര്‍ദേശപ്രകാരം കോളജുകളില്‍ സേവനം ചെയ്യുന്ന അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും യുജിസി നിഷ്കര്‍ഷിക്കുന്ന കുറഞ്ഞ യോഗ്യത ഉണ്ടായിരിക്കണമെന്ന ഉത്തരവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഹൈക്കോടതി ഫുള്‍ ബെഞ്ച് പരിഗണിച്ചത്. യുജിസി നല്കിയ നിര്‍ദേശം 2010 സെപ്തബര്‍ 18 മുതല്‍ ബാധകമാക്കി സംസ്ഥാന സര്‍ക്കാര്‍ 2010 ഡിസംബര്‍ പത്തിനു വിജ്ഞാപനം പുറപ്പെടുവിച്ചു.
സര്‍ക്കാര്‍ വിജ്ഞാപനം സംസ്ഥാനത്തെ കോളജുകളിലെ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ബാധകമാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഹൈക്കോടതി പരിഗണിച്ചത്. ആദ്യം സിംഗിള്‍ ബെഞ്ചും പിന്നീട് ഡിവിഷന് ബെഞ്ചും പരിഗണിച്ച ഹര്‍ജികള്‍ പിന്നീട് ഫുള്‍ ബെഞ്ചിനു വിടുകയായിരുന്നു. യുജിസി നല്കുന്ന ചട്ടത്തിനു വിരുദ്ധമാണ് സര്‍വകലാശാലയുടെ ചട്ടമെന്നു കണ്ടെത്തിയാല്‍ യുജിസി ചട്ടമാണ് പാലിക്കേണ്ടതെന്നു വ്യക്തമാണെന്നു കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരുടെ വാദം സര്‍വകലാശാല ചട്ടം ഭേദഗതി ചെയ്തുവെന്നാണ്. എന്നാല്‍ ഇക്കാരണത്താല്‍ മാത്രം യുജിസി ചട്ടപ്രകാരമുള്ള ഉത്തരവ് നിലനില്‍ക്കില്ലെന്നു പറയാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
അധ്യാപന രംഗത്തും അക്കാദമിക തലത്തിലും മികവ് ഉയര്‍ത്തുന്നതിനാണ് സര്‍ക്കാരും യുജിസിയും തീരുമാനം എടുത്തത്. പ്രിന്‍സിപ്പല്‍മാര്‍ക്ക് 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തബിരുദവും, പിച്ച്ഡിയും, പതിനഞ്ച് വര്‍ഷത്തില്‍ കുറയാതെ പ്രഫസര്‍മാരായി ജോലി ചെയ്ത പരിചയവും, അക്കാദമിക മികവും ആവശ്യമാണെന്നാണ് യുജിസി 2010ല്‍ നല്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നത്. ഇത്തരം നിര്‍ദേശം നിയമപരമല്ലെന്നു പറയാനാവില്ലെന്നു കോടതി വ്യക്തമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: