കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പും സര്‍വശിക്ഷാ അഭിയാനും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല മികവുത്സവം ഇന്ന് രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ പറയഞ്ചേരി എസ്.കെ. പൊറ്റക്കാട് ഹാളില്‍ നടക്കും. കോര്പ്പറേഷന് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം. രാധാകൃഷ്ണന് മാസ്റ്റര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് മേയര്‍ വി.കെ.സി. മമ്മദ്കോയ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 15 ബിആര്‍സികളില്‍ നിന്ന് രണ്ടുപേര്‍ വീതം എന്ന ക്രമത്തില്‍ 30 വിദ്യാലയങ്ങളാണ് മികവുകള്‍ അവതരിപ്പിക്കുന്നത്. ജില്ലാതല മികവ് അവതരണത്തില്‍ മികച്ച ഗ്രേഡുകള്‍ കിട്ടിയ മൂന്ന് വിദ്യാലയങ്ങള്‍ക്ക് സംസ്ഥാനതല മികവുത്സവത്തില്‍ പങ്കെടുക്കുന്നതിന് അവസരം ലഭിക്കും. വിദ്യാഭ്യാസ മേഖലയില്‍ വൈദഗ്ധ്യം തെളിയിച്ച അംഗങ്ങള്‍ ഉള്‍പ്പെടുന്ന ജഡ്ജിംഗ് പാനാല് ആണ് ജില്ലതല മികവ് വിലയിരുത്തുന്നത്.
ഉള്‍ച്ചേര്‍ന്ന വിദ്യാഭ്യാസം, വിഷയാധിഷ്ഠിത പഠനമികവുകള്‍, സ്കൂള്‍തല അധ്യാപക കൂട്ടായ്മ, മസമൂഹിക പങ്കാളിത്തം, ഗവേഷണാത്മക പ്രവര്‍ത്തനങ്ങള്‍, വ്യക്തിത്വവികസന വേദികള്‍, ശിശുസൗഹൃദ, പരിസ്ഥിതി സൗഹൃദ കാമ്പസ്, സമഗ്ര ആരോഗ്യ-കായികവികസനം എന്നീ എട്ടു മേഖലകളിലാണ് മികവ് അവതരണങ്ങള്‍ നടക്കുക. മികവുത്സവത്തോടനുബന്ധിച്ച് ബിആര്‍സി തല വിദ്യാഭ്യാസ പ്രദര്‍ശന സ്റ്റാളുകളും ഉണ്ടായിരിക്കും.
കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍, അധ്യാപകര്‍, പൊതുസമൂഹം എന്നിവ സൃഷ്ടിച്ചെടുക്കുന്ന മികച്ച മാതൃകകള്‍ കണ്ടെത്തി പങ്കുവയ്ക്കുന്നതിനും ഭാവിയിലെ വിദ്യാലയ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാവുന്ന ആശയങ്ങള്‍, തന്ത്രങ്ങള്‍, കാഴ്ചപ്പാടുകള്‍ എന്നിവ രൂപപ്പെടുത്തുന്നതിനും മികവുത്സവം സഹായിക്കും. എസ്എസ്എ വിവിധ ഏജന്‍സികളുടെ ഏകോപനത്തിലൂടെയും ഇടപെടലിലൂടെയും പ്രവര്‍ത്തിച്ചു വിജയിപ്പിച്ച മികവുകള്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും ഇതുമൂലം സാധിക്കുമെന്ന് ജില്ലാ പ്രൊജക്ട് ഓഫിസര്‍ കെ. വത്സന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രോഗ്രാം ഓഫീസര്‍മാരായ പി. ഷമീര്‍, അജ്മല്‍, അബ്ദല്‍ റസാഖ്, ഡോ. അനില്‍കുമാര്‍, ഷാജി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: