പാമ്പാടി: നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ ഓടയില്‍ നിന്നും കണ്ടെത്തി. അഞ്ചു ദിവസം മാത്രം പ്രായമുള്ള പെണ് കുഞ്ഞിനെയാണ് ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം കുമളി സംസ്ഥാന ഹൈവെയില്‍ പാമ്പാടി 13ാം മൈലിനു സമീപത്തെ ഓടയില്‍ നിന്നാണ് കുട്ടിയെ ലഭിച്ചത്. അവശനിലയിലായ കുരുന്നിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു .ഇന്നലെ രാവിലെ ഓടയ്ക്ക് സമീപത്തു കൂടി കടന്നുപോയ വിദ്യാര്‍ഥികളാണ് കുഞ്ഞിന്റെ കരച്ചില് കേട്ട് മറ്റുള്ളവരെ വിവരം അറിയിച്ചത്. നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നു പാമ്പാടി പോലിസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും എത്തി ശിശുവിനെ മെഡിക്കല്‍ കോളജിലെ ഐസിഎച്ചിലേക്ക് മാറ്റി. അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന കുട്ടിക്ക് പ്രാഥമിക ചികില്‍സ കിട്ടാത്തതിനാല്‍ കുട്ടി അപകടനില തരണം ചെയ്തിട്ടില്ല. ശിശുവിനു അഞ്ചു ദിവസത്തെ പ്രായം മാത്രമാണുള്ളതെന്നും പിറന്ന ശേഷമുള്ള പ്രാഥമിക ചികില്‍സ കുട്ടിയ്ക്കു ലഭിച്ചിട്ടില്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിനാല്‍ കുഞ്ഞ് അപകടനില തരണം ചെയ്തിട്ടില്ലന്നും ശരീരത്തില്‍ ഉറുമ്പിന്റെ കടിയേറ്റിട്ടുണ്ടെന്നും ആര്‍എംഒ ജയപ്രകാശ് പറഞ്ഞു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: