ക്രൈസ്റ്റ് ചര്‍ച്ച്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 370ന് പുറത്ത്. അവസാന ടെസ്റ്റ് കളിക്കാനിറങ്ങിയ ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ ലോക റെക്കോര്‍ഡ് സെഞ്ചുറിയുടെ കരുത്തിലാണ് ന്യൂസിലാന്‍ഡ് 370 റണ്‍സ് അടിച്ചുകൂട്ടിയത്. തുടര്‍ന്ന് ഒന്നാം ഇന്നിങ്‌സ് ആരംഭിച്ച ഓസ്‌ട്രേലിയ ആദ്യ ദിവസത്തെ കൡനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെടുത്തിട്ടുണ്ട്. 12 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് പുറത്തായത്. ബൗള്‍ട്ടിന്റെ പന്തില്‍ ഗുപ്റ്റില്‍ പിടികൂടി. 27 റണ്‍സുമായി ജോ ബേണ്‍സും 18 റണ്‍സെടുത്ത ഉസ്മാന്‍ കവാജയും ക്രീസില്‍.
നേരത്തെ ടോസ് നേടിയ ഓസീസ് നായകന്‍ സ്മിത്ത് കിവികളെ ബാറ്റിങ്ങിനയച്ചു. ക്യാപ്റ്റന്റെ തീരുമാനത്തെ ശരിവെച്ചുകൊണ്ട് ബൗളര്‍മാര്‍ അരങ്ങുവാണപ്പോള്‍ ന്യൂസിലാന്‍ഡ് മൂന്നിന് 32 എന്ന നിലയിലായി. ഗുപ്റ്റില്‍ (18), ലാഥം (4), നിക്കോളാസ് (7) എന്നിവരാണ് മടങ്ങിയത്. പിന്നീട് കെയ്ന്‍ വില്ല്യംസണും ക്യാപ്റ്റന്‍ മക്കല്ലവും ഒത്തുചേര്‍ന്നു. എന്നാല്‍ സ്‌കോര്‍ 74-ല്‍ എത്തിയപ്പോള്‍ 7 റണ്‍സെടുത്ത വില്ല്യംസണും മടങ്ങി. ഈ ഘട്ടത്തിലാണ് മക്കല്ലത്തിനൊപ്പം കോറി ആന്‍ഡേഴ്‌സണ്‍ ഒത്തുചേര്‍ന്നത്. ഇരുവരും ചേര്‍ന്ന് ഓസീസ് ബൗളര്‍മാരെ അടിച്ചുപറത്തിയതോടെ സ്‌കോറിംഗിന് ഏകദിനത്തിന്റെ വേഗം കൈവന്നു.
തകര്‍ത്തടിച്ച ഇരുവരും അഞ്ചാം വിക്കറ്റില്‍ 179 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍ സ്‌കോര്‍ 253-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 79 പന്തില്‍ നിന്ന് 21 ഫോറും ആറ് സിക്‌സറുമടക്കം 145 റണ്‍സെടുത്ത മക്കല്ലത്തെ പാറ്റിന്‍സണിന്റെ പന്തില്‍ ലിയോണ്‍ പിടികൂടി. അധികം കഴിയും മുന്നേ ആന്‍ഡേഴ്‌സണും മടങ്ങി. 66 പന്തില്‍ എട്ടു ഫോറും നാലു സിക്‌സുമുള്‍പ്പെടെ 72 റണ്‍സെടുത്ത ആന്‍ഡേഴ്‌സണെ നഥാന്‍ ലിയോണ്‍ മടക്കി. പിന്നീടെത്തിയവരില്‍ വാറ്റ്‌ലിങ് (57 പന്തില്‍ 58), മാറ്റ് ഹെന്റി (12 പന്തില്‍ 21) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. അവസാന വിക്കറ്റില്‍ ട്രെന്റ് ബോള്‍ട്ടിനെ കൂട്ടുപിടിച്ച് വാട്‌ലിങ് നടത്തിയ രക്ഷാപ്രവര്‍ത്തനം കിവീസ് സ്‌കോര്‍ 370ല്‍ എത്തിച്ചു. ബോള്‍ട്ട് 14 റണ്‍സോടെ പുറത്താകാതെ നിന്നു. ഓസീസിന് വേണ്ടി നഥാന്‍ ലിയോണ്‍ മൂന്നും ഹേസല്‍വുഡ്, പാറ്റിന്‍സണ്‍, ജാക്‌സണ്‍ ബിര്‍ഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്‌ത്തി.
















