ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് വീസ് ഇംഗ്ലണ്ട് താരം ജോര്‍ദാന്റെ പന്തില്‍ ബൗള്‍ഡാകുന്നു
കേപ്ടൗണ്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20യില്‍ ദക്ഷിണാഫ്രിക്കക്ക് വിജയം. അവസാന പന്തിലാണ് വിജയം ദക്ഷിണാഫ്രിക്ക നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാ്രഫിക്ക 7 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്താണ് മൂന്ന് വിക്കറ്റിന്റെ ജയം നേടിയത്. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി.
അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ 15 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ടോപ്ലെ എറിഞ്ഞ ആദ്യ പന്തില്‍ അബോട്ട് ഒരു റണ്‍സെടുത്തു. രണ്ടാം പന്ത് നേരിട്ട മോറിസ് ബൗണ്ടറിയും അടുത്ത പന്ത് സിക്സിനും പറത്തി. നാലാം പന്തില്‍ റണ്ണെടുക്കാന്‍ കഴിഞ്ഞില്ല. അഞ്ചും ആറും പന്തുകളില്‍ രണ്ട് റണ്‍സ് വീതം നേടിയാണ് മോറിസ് ദക്ഷിണാഫ്രിക്കക്ക് തകര്‍പ്പന്‍ വിജയം നേടിക്കൊടുത്തത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് പുറത്താകാതെ 32 റണ്‍സെടുത്ത ബട്ട്ലറുടെയും 27 റണ്സെടുത്തഓപ്പണര് ഹെയ്ല്‍സിന്റെയും കരുത്തിലാണ് 134 റണ്‍സ് അടിച്ചുകൂട്ടിയത്. ജാസണ്‍ റോയ്, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ 15 റണ്‍സ് വീതവും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഇമ്രാന് താഹിര്‍ നാലും കെയ്ല്‍ അബോട്ട് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ക്യാപ്റ്റന്‍ എ.ബി. ഡിവില്ലിയേഴ്സിനെ (7) തുടക്കത്തില്‍ തന്നെ നഷ്ടമായി. സ്കോര്‍ 1ന് 31. നാല് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും 22 റണ്‍സെടുത്ത ഹാഷിം ആംലയെയും നഷ്ടമായി. പിന്നീട് ഡുപ്ലെസിസുമ (25) ഡുമ്നിയും (23) ചേര്‍ന്ന് സ്കോര്‍ 76-ല്‍ എത്തിച്ചു. ഇരുവരും പുറത്തായതോടെ അവര്‍ നാലിന് 98 എന്ന നിലയിലായി. പിന്നീട് റുസ്സോവും (18), മില്‍നറും (13), വീസും (2) പുറത്തായതോടെ 7ന് 119 എന്ന നിലയിലായെങ്കിലും അബോട്ടിനെ കൂട്ടുപിടിച്ച് മോറിസ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോര്‍ദാന്‍ മൂന്നും മോയിന്‍ അലി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇംറാന്‍ താഹിറാണ് മാന്‍ ഓഫ് ദി മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: