ക്രൈസ്റ്റ് ചര്‍ച്ച്: കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തിനിറങ്ങിയ ന്യൂസിലാന്‍ഡ് നായകന് ബ്രണ്ടന്‍ മക്കല്ലത്തിന് അതിവേഗ സെഞ്ചുറി. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണ് മക്കല്ലം ഇന്നലെ ഓസ്ട്രേലിയക്കെതിരെ സ്വന്തമാക്കിയത്. 54 പന്തുകളില്‍ നിന്നായിരുന്നു മക്കല്ലം മൂന്നക്കം തികച്ചത്. ഇതോടെ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസതാരം വിവിയന്‍ റിച്ചാര്‍ഡ്സും പാക്ക് താരം മിസ്ബ ഉള് ഹഖും സംയുക്തമായി കൈവശം വച്ചിരുന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്.
1986-ല്‍ ആന്റിഗ്വയില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു റിച്ചാര്‍ഡ്സിന്റെ റെക്കോര്‍ഡ് പ്രകടനമെങ്കില്‍ 2014-ല്‍ അബുദാബിയില്‍ ഓസ്ട്രേലിയയ്ക്കെതിരെ തന്നെയായിരുന്നു മിസ്ബയുടെ അതിവേഗ സെഞ്ചുറി. ടെസ്റ്റ് ക്രിക്കറ്റില്‍ സിക്സറുകളുടെ എണ്ണത്തിലും മക്കല്ലം റെക്കോര്‍ഡ് സ്വന്തമാക്കി. 106 സിക്സറുകളാണ് 101-ാം ടെസ്റ്റ് കളിക്കുന്ന മക്കല്ലം ഇതുവരെ അടിച്ചുകൂട്ടിയത്. നേരത്തെ 100 എണ്ണം അടിച്ച് ഓസ്ട്രേലിയുടെ വിഖ്യാത വിക്കറ്റ് കീപ്പറായിരുന്നു ആഡം ഗില്ക്രിസ്റ്റിനൊപ്പമായിരുന്നു മക്കല്ലം. ഇതാണ് ഇപ്പോള്‍ സ്വന്തം പേരിലേക്ക് മാറ്റിയത്.
മക്കല്ലത്തിന്റെ തുടര്‍ച്ചയായ 101-ാം ടെസ്റ്റാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.
അരങ്ങേറ്റത്തിനുശേഷം തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ കളിച്ച താരമെന്ന റെക്കോര്‍ഡ് നേരത്തേതന്നെ മക്കല്ലം സ്വന്തമാക്കിക്കഴിഞ്ഞു.
കുറഞ്ഞ സമയത്തില്‍ സെഞ്ചുറി തികച്ചവരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇപ്പോള്‍ മക്കുല്ലം. 78 മിനിറ്റിലായിരുന്നു മക്കുല്ലത്തിന്റെ സെഞ്ചുറി. ഓസ്ട്രേലിയന്‍ താരം ജാക്ക് ഗ്രിഗറി 1921-ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ 70 മിനിറ്റില്‍ സെഞ്ചുറി നേടിയതാണ് ഇക്കാര്യത്തിലെ ലോക റെക്കോര്‍ഡ്.
മൂന്നിന് 32 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന സമയത്താണ് മക്കല്ലം ക്രീസിലെത്തുന്നത്. പിന്നീട് കണ്ടത് പിന്നീട് കണ്ടത് ഓസ്ട്രേലിയന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് അതിവേഗം റണ്‍സ് അടിച്ചുകൂട്ടുന്ന മക്കല്ലത്തെ. പച്ചപ്പു നിറഞ്ഞ ഹാംഗ്ലി ഓവലില്‍ സ്റ്റീഫന്‍ ഫ്ളെമിംഗ് അടക്കമുള്ള മുന്‍കാല താരങ്ങളെ സാക്ഷിയാക്കിയായിരുന്നു മക്കല്ലത്തിന്റെ വെടിക്കെട്ട്. ബാറ്റിങ്ങിനായി ക്രീസിലേക്ക് വന്ന മക്കല്ലത്തെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ഓസ്ട്രേലിയന്‍ ടീം ആനയിച്ചത്.
2004-ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഹാമില്‍ട്ടണിലാണ് മക്കല്ലത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. കരിയറില്‍ 12 സെഞ്ചുറികളും 31 അര്‍ദ്ധസെഞ്ചുറികളും മക്കല്ലം അടിച്ചുകൂട്ടി. ഇതില്‍ മൂന്ന് ഡബിള്‍ സെഞ്ചുറിയും ഒരു ട്രിപ്പിള്‍ സെഞ്ചുറിയും ഉള്‍പ്പെടുന്നു. ഇന്ത്യക്കെതിരെ 2014 ഫെബ്രുവരിയില്‍ നേടിയ 302 റണ്‍സ് ടെസ്റ്റിലെ ഉയര്‍ന്ന സ്കോര്‍. 2002-ല്‍ ഓസ്ട്രേലിയക്കെതിരെ ഏകദിനത്തില്‍ അരങ്ങേറിയ മക്കല്ലം 260 മത്സരങ്ങളില്‍ നിന്നായി 5 സെഞ്ചുറികളും 32 അര്‍ദ്ധസെഞ്ചുറികളും അടക്കം 6083 റണ്‍സും നേടിയിട്ടുണ്ട്. 71 ട്വന്റി 20 മത്സരങ്ങളില്‍ നിന്നായി രണ്ട് സെഞ്ചുറികളും 13 അര്‍ദ്ധസെഞ്ചുറികളുമടക്കം 2140 റണ്‍സും മക്കല്ലത്തിന്റെ അക്കൗണ്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: