കോഴിക്കോട്: നാഗ്ജി ഫുട്ബോള്‍ ഫൈനല്‍ ഇന്ന്. രാത്രി ഏഴിന് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബ്രസീലിയന്‍ ക്ലബ്ബായ അത്ലറ്റിക്കോ പരാനെസ് ഉക്രെനിയന്‍ ക്ലബ്ബായ എഫ്സി നിപ്രോയുമായി ഏറ്റുമുട്ടും. മത്സരം കടുത്തതാകുമെന്ന പ്രതീക്ഷയിലാണ് ഇരു ടീമുകളും. വാശിയേറിയ മത്സരം കാണാമെന്ന് കാണികളും കരുതുന്നു.
നിപ്രോയുമായി മത്സരിച്ചിട്ടില്ലെങ്കിലും ടൂര്‍ണമെന്റിലുടനീളം അവര്‍ കാഴ്ച വച്ച പ്രകടനങ്ങള്‍ മികവുറ്റതാണെന്ന് അത്ലറ്റിക്കോ പരാനെസ് കോച്ച് മാര്‍സലോ വില്‍ഹേന പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരുമായുള്ള മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരം കടുത്തത് തന്നെയാണ്. നിപ്രോയുടെ ആക്രമണ നിരയെ മികച്ച പ്രതിരോധത്തിലൂടെ മാത്രമേ തടുത്ത് നിര്‍ത്താന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ മത്സരത്തില്‍ കൂടുതല്‍ തന്ത്രങ്ങള്‍ ആവിഷ്കരിക്കേണ്ടതുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ലൂയി സോറസിന്റെ ഇടതു കാല്‍മുട്ടിന് പരിക്കേറ്റതിനാല്‍ ഫൈനലില്‍ മത്സരിക്കാന്‍ സാധിക്കില്ല. ആറു മാസത്തേളം വിശ്രമിക്കേണ്ടതുണ്ട്. എന്നാല്‍ ടീമിലെ എല്ലാ താരങ്ങളും ഒരു പോലെ പ്രാധാന്യമുള്ളവരാണ്.
ലൂയി സോറസിനേറ്റ പരിക്ക് ടീമിന്റെ പ്രകടനത്തെ ബാധിക്കില്ലെന്നും വില്‍ഹേന കൂട്ടിച്ചേര്‍ത്തു.
നാഗ്ജി ടൂര്‍ണമെന്റിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് മുഖാമുഖത്തില്‍ പങ്കെടുത്ത നിപ്രോ എഫ്സി കോച്ച് ദിമിത്രോ മൈക്കലാങ്കോ അഭിപ്രായപ്പെട്ടു. ഇന്ത്യ വേറിട്ടൊരനുഭവമാണ്. ടീമിലെ മിക്ക താരങ്ങളും ആദ്യമായാണ് രാജ്യാന്തര ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. അത്ലറ്റിക്കോ പരാനെസ് മികച്ച ഫോമിലാണ് കളിക്കുന്നത്. ഫൈനല്‍ മത്സരത്തില്‍ ആക്രമണത്തോെടാപ്പം പ്രതിരോധത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. മത്സരത്തില്‍ ഇരു ടീമുകളും ആക്രമണ ശൈലി തുടക്കം മുതല്‍ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: