തിരുവനന്തപുരം: സിപിഐ നേതാവായിരുന്ന അന്തരിച്ച സി.കെ. ചന്ദ്രപ്പന്റെ ഭാര്യ ബുലുറോയ് ചൗധരി (82) അന്തരിച്ചു. എഐടിയുസി ദേശീയ കൗണ്‍സില്‍ അംഗമാണ്. ഇന്നലെ രാത്രി 8.15 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആലപ്പുഴ വയലാറിലെ സി.കെ. ചന്ദ്രപ്പന്റെ സ്മൃതി മണ്ഡപത്തിന് സമീപം ഇന്ന് വൈകുന്നേരത്തോടെ സംസ്കാര ചടങ്ങുകള്‍ നടക്കും. രാവിലെ തിരുവനന്തപുരം എം.എന്‍. സ്മാരകത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെയ്ക്കും. കല്‍ക്കത്ത സര്‍വ്വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് എഐഎസ്എഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. തുടര്‍ന്ന് കുടുംബം ഡല്‍ഹിയിലേക്ക് താമസം മാറ്റി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസില്‍ സേവനം അനുഷ്ഠിച്ചിരുന്നു. 1964 ല്‍ പാര്‍ലമെന്റ് അംഗമായി ഡല്‍ഹിയില്‍ എത്തിയതു മുതല്‍ സി.കെ. ചന്ദ്രപ്പനുമായി ഉറ്റ സൗഹൃദം പുലര്‍ത്തിയിരുന്നു. 1975 ല്‍ അജോയ് ഭവനിലെ കോണ്‍ഫറന്‍സ് ഹാളില്‍ ഇരുവരുടെയും വിവാഹം നടന്നു.
ബംഗാള്‍ വിഭജന കാലത്ത് ഢാക്കയില്‍ നിന്നും കല്‍ക്കട്ടയിലേക്ക് കുടിയേറിയ പ്രഭുല്ല ബന്ധുറോയി ചൗധരി-പ്രഭാറോയി ചൗധരി ദമ്പതികളുടെ ആറു മക്കളില്‍ ഏറ്റവും മൂത്ത പുത്രിയാണ് ബുലുറോയി ചൗധരി. മൂന്ന് സഹോദരിമാരില്‍ രണ്ടുപേര്‍ ഡല്‍ഹിയിലും ഒരാള്‍ ബ്രിട്ടനിലുമാണ്. രണ്ട് സഹോദരന്മാരില് ഒരാള്‍ ഡല്‍ഹിയിലും മറ്റൊരാള്‍ ചെക്ക് റിപ്പബ്ലിക്കിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: