തൃപ്പൂണിത്തുറ: കമ്യൂണിസ്റ്റും കോണ്‍ഗ്രസും ഒത്തുചേര്‍ന്നപ്പോള്‍ കേരളത്തില്‍ ഒരു ദളിത് പെണ്‍കുട്ടിക്ക് നീതി നിഷേധിക്കുന്നതായി ശോഭാ സുരേന്ദ്രന്. പെണ്‍കുട്ടി ആത്മഹത്യയ്ക്ക് മുതിര്‍ന്നിട്ടും ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയിലെ കുറ്റവാളികളെ രക്ഷിക്കാന്‍ ഇരുമുന്നണികളും ഒത്തുരാഷ്ട്രീയം കളിക്കുകയാണെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന് കുറ്റപ്പെടുത്തി. ദളിത് പീഡന വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ മന്ത്രി കെ. ബാബുവിന്റെ വസതിക്ക് മുന്നില്‍ നടത്തിയ ഉപവാസസമരത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഒരു ദളിത് പെണ്‍കുട്ടി പീഡനം അനുഭവിച്ചത് മന്ത്രിയുടെ മണ്ഡലത്തിലാണ്. എന്നിട്ടും ആ പെണ്‍കുട്ടിയെക്കുറിച്ച് അന്വേഷിക്കാന്‍ പോലും മന്ത്രി തുനിഞ്ഞില്ലെന്നത് നാടിനുതന്നെ അപമാനമാണ്. അക്രമരഹിത- പീഡനരഹിത കാമ്പസ് ഉണ്ടാകേണ്ട അവസ്ഥ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഒരുക്കണം. എസ്ഫ്ഐ ഗുണ്ടകളെ സര്‍ക്കാര്‍ കൈകാര്യം ചെയ്യണം, അവര്‍ കൂട്ടിച്ചേര്‍ത്തു.
ജെഎന്‍യുവില്‍ രാജ്യദ്രോഹികളെ പിന്തുണച്ച സിപിഎമ്മിന്റെ വിദ്യാര്ത്ഥിസംഘടനയില്നിന്നും രാഷ്ട്രസ്നേഹവും സഹോദരീസ്നേഹവും പ്രതീക്ഷിക്കേണ്ട എന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
എത്രയുംപെട്ടെന്ന് ആര്‍എല്‍വി കോളേജ് തുറന്നുകൊടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നല്ല രീതിയില്‍ പഠനം നടത്തുവാനുള്ള സൗകര്യം ചെയ്തുകൊടുക്കണം. പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമത്തിന് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കൂട്ടുനിന്ന അധ്യാപകരെയും സസ്പെന്റ് ചെയ്യണം. ബിജെപി സംസ്ഥാന സമിതി അംഗം കെ.പി. സുബ്രഹ്മണ്യന് അധ്യക്ഷതവഹിച്ച ഉപവാസസമാപനസമ്മേളനത്തില് അഗസ്ത്യ മെഡിക്കല്‍ ട്രസ്റ്റ്, ട്രഷറര്‍ എന്‍. വാസുദേവന്‍ സ്വാഗതം പറഞ്ഞു. കെ.വി. സാബു, സുദേവന് എന്നിവര്‍ സംസാരിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം അരുണ്‍ കല്ലാത്ത് നന്ദി പറഞ്ഞു. ശോഭാ സുരേന്ദ്രന് ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം.എസ്. വിനോദ്കുമാറിന് നാരങ്ങാനീര് നല്കി ഉപവാസം അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: