നാഗ്ജി കപ്പ് സെമിയില്‍ നിപ്രോയുടെ ദിമിത്രൊ നഗീവിന്റെ
മുന്നേറ്റം തടയാന്‍ ശ്രമിക്കുന്ന വാഡ്ഫോഡ് എഫ്സിയുടെ
അലക്സ് ജാക്കൂബാക്
കോഴിക്കോട്: നാഗ്ജി ഫുട്ബോള്‍ ഫൈനലില്‍ ഉക്രെയിന് ക്ലബ് എഫ്സി നിപ്രോയും ബ്രസീലിയന്‍ ക്ലബായ അത്ലറ്റികോ പരാനെസും തമ്മില്‍ ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം സെമിഫൈനല്‍ മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബ്ബായ വാട്ട്ഫോഡ് എഫ്സിയെ എഫ്സി നിപ്രോ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും വാട്ട്ഫോഡ് എഫ്സിക്ക് ഒരു ഗോള്‍ പോലും നേടാനായില്ല. കളിയുടെ എക്സ്ട്രാ ടൈമില്‍ നിപ്രോ താരങ്ങള്‍ രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ മൂന്നാം ഗോള്‍ സെല്‍ഫ് ഗോളുമായി.
ഇരുടീമുകളും വാശിയേറിയ മത്സരമാണ് കളിയിലുടനീളം കാഴ്ചവെച്ചത്. വീണുകിട്ടിയ അവസരങ്ങള്‍ ഗോളാക്കാനാവാതെ കുഴങ്ങുകയായിരുന്നു ഇരു ടീമുകളും. ഗോള്‍മുഖം ലക്ഷ്യമാക്കി മുന്നേറിയ ഇരു ടീമുകളുടെയും താരങ്ങള്‍ക്ക് പക്ഷേ ഗോള്‍വല ചലിപ്പിക്കാനായില്ല. ആദ്യപകുതിയുടെ ആദ്യ നിമിഷങ്ങളിലെല്ലാം മുന്നേറ്റം കാഴ്ചവെച്ച നിപ്രോ താരങ്ങള്‍ക്ക് പക്ഷേ വല ചലിപ്പിക്കാനായില്ല. നിപ്രോ താരങ്ങളുടെ അടിക്കടിയുള്ള മുന്നേറ്റത്തിനിടയില്‍ വാട്ട്ഫോഡ് എഫ്സി താരങ്ങളുടെ പ്രതിരോധം തട്ടിത്തകര്‍ന്നു.
ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഗോള്‍ നേടാനാകാതെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിലാണ് നിപ്രോക്ക് രണ്ടു ഗോളുകളും നേടാനായത്. പത്താം നമ്പര്‍ താരം വ്ലാഡിസ്ലേവ് കൊച്ചേര്ജിന്, അഞ്ചാം നമ്പര്‍ താരം മാക്സിം ലുനേവ് എന്നിവരാണ് ഗോള്‍ നേടിയത്. മുന്നാം ഗോള്‍ സെല്‍ഫ് ഗോളായിരുന്നു.
നിപ്രോയ്ക്കുവേണ്ടി ആദ്യ പകുതിയിലുടനീളം ഏഴാം നമ്പര്‍ താരം യുറി വാകുല്ക്കോ, ഡെന്നിസ് ബാലിന്യുക്ക് എന്നിവര്‍ നിരവധി മുന്നേറ്റങ്ങളാണ് നടത്തിയത്. നാളെ രാത്രി ഏഴിന് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: