കോഴിക്കോട്: നഗരത്തിലെ പ്രധാന ജംഗ്ഷനുകളില്‍ ദിശാബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത് വാഹനയാത്രക്കാര്‍ക്ക് സൗകര്യമൊരുക്കാനാണെങ്കിലും മിക്കവയും അധികൃതരുടെ നിസംഗതയില്‍ നോക്കുകുത്തിയാകുന്നതായി പരാതി. വാഹനപ്പെരുപ്പം ഏറെയുള്ള റോഡില്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ ദിശാബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത് കൊണ്ട് ഒരു പരിധിവരെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിയും. എന്നാല്‍ ഇതിന്റെ ആവശ്യകതയെപോലും ചോദ്യം ചെയ്യുന്ന രീതിയില്‍ ദിശാബോര്‍ഡുകള്‍ മറയ്ക്കുന്ന വിധത്തിലാണ് പ്രധാന ജംഗ്ഷനുകളില്‍ പോലും പരസ്യബോര്‍ഡുകള്‍ വെക്കുന്നത്. ഇത്തരം നടപടികള്‍ ദൂരയാത്രക്കാരായ വാഹനയാത്രക്കാരെ ഒട്ടൊന്നുമല്ല ദുരിതത്തിലാക്കുന്നത്.
ദിശ മനസ്സിലാകാതെ വാഹനയാത്രക്കാര്‍ക്ക് റോഡില്‍ കിലോമീറ്ററുകളാണ് അനാവശ്യമായി സഞ്ചരിക്കേണ്ടിവരുന്നത്. നഗരത്തിലെ ചില പ്രധാന ജംഗ്ഷനുകളിലെ ദിശാബോര്‍ഡുകള്‍ പലതും രാഷ്ട്രീയപാര്‍ട്ടികളുടേതടക്കം പരസ്യങ്ങള്‍കൊണ്ട് മറയ്ക്കപ്പെട്ടിരിക്കുകയാണ്.
കോഴിക്കോട്-ബാലുശ്ശേരി റോഡില്‍ കാരപ്പറമ്പ് ജംഗ്ഷനിലെ ദിശാബോര്‍ഡ് മാസങ്ങളായി ഒരു പ്രമുഖ യുവജനസംഘടനയുടെ ബാനറിനാല് മറയ്ക്കപ്പെട്ടിരിക്കുകയാണ്. നവംബര്‍ 25ന്റെ രക്തസാക്ഷിദിനാചരണത്തിന്റെ ബാനറാണ് ഇവിടെ കെട്ടിയിരിക്കുന്നത്. പരിപാടി കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും ബാനര്‍ ഇതേവരെ മാറ്റിയിട്ടില്ല. ബാലുശ്ശേരിയിലേക്കും കണ്ണൂര്‍ ഭാഗത്തേക്കും ഉള്ള ദിശാ ബോര്‍ഡാണ് ഈ ജംഗ്ഷനില്‍ ഉള്ളത്. സ്ഥിരം യാത്രക്കാരെ സംബന്ധിച്ചിടത്തോളം ജംഗ്ഷനിലെത്തുമ്പോള്‍ പ്രശ്നം ഉണ്ടാവാറില്ലെങ്കിലും ദൂരെ നിന്നു വരുന്നവര്‍ക്ക് ദിശാബോര്‍ഡ് മറച്ചു വെച്ച അവസ്ഥ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ട്രാഫിക് അധികൃതരോ പോലീസോ ഇത്തരം നിയമലംഘന നടപടികളെ സൗകര്യപൂര്‍വ്വം കണ്ടില്ലെന്നു നടിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: