കൊച്ചി: സര്‍ക്കാരും യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന് പറഞ്ഞതുപോലെയാണ് ചിന്തിക്കുന്നതെങ്കില്‍ സോളാര്‍ കമ്മിഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ് നല്ലതെന്ന് ജസ്റ്റിസ് ജി. ശിവരാജന് വ്യക്തമാക്കി. കമ്മിഷന് മുന്‍വിധിയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന തങ്കച്ചന്റെ പരാമര്‍ശം പരിഗണിക്കുന്നതിനിടെയായിരുന്നു കമ്മീഷന് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. കോടതിയലക്ഷ്യ നടപടികളുടെ ഭാഗമായി തങ്കച്ചനും സര്‍ക്കാരിനും നോട്ടീസ് അയക്കാനും കമ്മീഷന് ഉത്തരവിട്ടു. മാപ്പപേക്ഷ അംഗീകരിച്ച് മന്ത്രി ഷിബു ബേബി ജോണിനെതിരെയായ കോടതിയലക്ഷ്യ ഹര്‍ജി തീര്‍പ്പാക്കി. കമ്മിഷന് മുമ്പാകെ കേസിലെ പ്രതി സരിത എസ്.നായര്‍ ഹാജരായില്ല. തൊണ്ടവേദനയായതിനാല്‍ സംസാരിക്കാന്‍ കഴിയില്ലെന്നും ഒരാഴ്ച അവധി വേണമെന്നും ആവശ്യപ്പെട്ടത് കമ്മീഷനെ ചൊടിപ്പിച്ചു. ലോകാവസാനം വരെ ഇത് നീട്ടിക്കൊണ്ട് പോകാന്‍ പറ്റില്ലെന്ന് കമ്മിഷന് ചൂണ്ടിക്കാട്ടി. മന്ത്രി ആര്യാടന് മുഹമ്മദിന്റേയും പൊലീസ് അസോസിയേഷന്റേയും സര്‍ക്കാരിന്റേയും അഭിഭാഷകരാണ് സരിതയെ ക്രോസ് വിസ്താരം ചെയ്യാനിരുന്നത്. സോളാര്‍ പദ്ധതിയുടെ നടത്തിപ്പിനായി ആര്യാടന് മുഹമ്മദിന് 40 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു സരിത സോളാര്‍ കമ്മിഷന് മൊഴി നല്‍കിയത്.
പോലീസ് അസോസിയേഷന് 40 ലക്ഷം വാഗ്ദാനം ചെയ്തെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 20 ലക്ഷം രൂപ നല്‍കിയെന്നും സരിത വെളിപ്പെടുത്തിയിരുന്നു. ആരോപണങ്ങള്‍ മന്ത്രിയും പോലീസ് അസോസിയേഷന് സെക്രട്ടറി അജിത്തും നിഷേധിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അഭിഭാഷകന് സരിതയെ നേരത്തെ വിസ്തരിച്ചിരുന്നു. മുഖ്യമന്ത്രിക്കായി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് സരിത ആരോപിച്ച എബ്രഹാം കലമണ്ണിലിനെ ഇന്ന് വിസ്തരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: