ബാഴ്സലോണ: സ്പാനിഷ് ലീഗിന്റെ ചരിത്രത്തില്‍ മൂന്ന് ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതി സ്വന്തമാക്കിയ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ മികവില്‍ ബാഴ്സലോണക്ക് മിന്നുന്ന ജയം. സ്പോര്‍ട്ടിങ് ഗിജോണിനെതിരായ മത്സരത്തിലാണ് മെസ്സി ചരിത്ര നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ രണ്ട് ഗോളുകളുമായി കളംനിറഞ്ഞ മെസ്സിയുടെ ലാ ലീഗയിലെ സമ്പാദ്യം 301. 2004-05 സീസണില്‍ ബാഴ്സയുടെ സീനിയര്‍ ടീമിലെത്തിയ മെസ്സി 334 മത്സരത്തില്‍ നിന്നാണ് മൂന്നൂറ് ഗോളുകള്‍ എന്ന നേട്ടത്തിലെത്തിയത്. 251 ഗോളുകളുള്ള ടെല്‍മോ സാറയാണ് മെസ്സിക്ക് പിന്നിലുള്ളത്. 246 ഗോളുകളുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ മൂന്നാംസ്ഥാനത്തുണ്ട്.
ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സലോണ സ്പോര്‍ട്ടിങ്ങിനെ കീഴടക്കിയത്. വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡിനേക്കാള്‍ ആറ് പോയിന്റ് ലീഡ് നേടാനും ബാഴ്സക്കായി. 24 കളികളില്‍ നിന്ന് 60 പോയിന്റാണ് കറ്റാലയന് പടയുടെ സമ്പാദ്യം. അത്ലറ്റികോക്ക് 54 പോയിന്റും റയല്‍ മാഡ്രിഡിന് 53 പോയിന്റും.
കളിയുടെ തുടക്കം മുതല്‍ മിന്നുന്ന പ്രകടനം നടത്തിയ ബാഴ്സ 25-ാം മിനിറ്റില്‍ മെസ്സിയിലൂടെ മുന്നിലെത്തി. ഇതിന് മുമ്പ് സുവാരസ് രണ്ട് അവസരം നഷ്ടപ്പെടുത്തിയിരുന്നു. ബോക്സിന് പുറത്തുനിന്ന് മെസ്സി പായിച്ച ഷോട്ടാണ് സ്പോര്‍ട്ടിങ് ഗോളിയെ നിഷ്പ്രഭനാക്കി വലയില്‍ കയറിയത്. മെസ്സിയുടെ മുന്നൂറാം ഗോള്‍. എന്നാല്‍ ലീഡ് നേടിയതിന്റെ ആഘോഷം ഏറെ നീണ്ടുനിന്നില്ല. രണ്ട് മിനിറ്റിനിടെ സ്പോര്‍ട്ടിങ് സമനില ഗോള്‍ നേടി. കാസ്ട്രോ ഗാര്‍ഷ്യയാണ് സമനില ഗോള്‍ അടിച്ചത്.
എന്നാല്‍ 31-ാം മിനിറ്റില്‍ മെസ്സി തന്റെ 301ാം ഗോള്‍ കണ്ടെത്തി ബാഴ്സയെ വീണ്ടും മുന്നിലെത്തിച്ചു. മെസ്സിയുടെ ഈ ഗോള്‍ ബാഴ്സയുടെ ഗോളുകളുടെ എണ്ണം പതിനായിരത്തില്‍ എത്തിച്ചു. രണ്ട് മിനിറ്റിനുശേഷം മെസ്സിയുടെ ശ്രമം സ്പോര്‍ട്ടിങ് ഗോളി രക്ഷപ്പെടുത്തി. അധികം കഴിയും മുന്‍പേ നെയ്മര്‍ ഒരു അവസരം പാഴാക്കുകയും ചെയ്തതോടെ ആദ്യ പകുതിയില്‍ ബാഴ്സ 2-1ന് മുന്നിട്ടുനിന്നു.
കളിയുടെ 61-ാം മിനിറ്റില്‍ ബാഴ്സക്ക് പെനാല്‍റ്റി. നെയ്മറെ ബോക്സിനുള്ളില്‍ വച്ച് സ്പോര്‍ട്ടിങ് താരം വീഴ്ത്തിയതിനാണ് പെനാല്‍റ്റി. എന്നാല്‍ ലൂയി സുവാരസ് എടുത്ത കിക്ക് സ്പോര്‍ട്ടിങ് ഗോളി രക്ഷപ്പെടുത്തി. 67-ാം മിനിറ്റില്‍ ബാഴ്സ ലീഡ് ഉയര്‍ത്തി. പെനാല്‍റ്റി നഷ്ടപ്പെടുത്തിയ ലൂയി സുവാരസിന്റെതായിരുന്നു ഗോള്‍. വിദാലിന്റെ പാസ് സ്വീകരിച്ച് ഇടംകാലുകൊണ്ട് പായിച്ച ഷോട്ടാണ് സുവാരസ് വലയിലെത്തിച്ചത്. തുടര്‍ന്നും നിരവധി മുന്നേറ്റങ്ങള്‍ മെസ്സിയും സുവാരസും നെയ്മറും ചേര്‍ന്ന് എതിര് ബോക്സിലേക്ക് നടത്തിയെങ്കിലും കൂടുതല്‍ ഗോള്‍ നേടാന്‍ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: