ധാക്ക: ഏഷ്യാ കപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം. 13-ാമത് ചാമ്പ്യന്‍ഷിപ്പിനാണ് ഇന്ന് തുടക്കമാകുന്നത്. ഇന്ന് മുതല്‍ 22 വരെ യോഗ്യതാ മത്സരങ്ങള്‍ നടക്കും. അഫ്ഗാനിസ്ഥാന്, ഹോങ്കോങ്ങ്, യുഎഇ, ഒമാന്‍ ടീമുകളാണ് യോഗ്യതാ മത്സരങ്ങള്‍ കളിക്കുന്നത്. ഇതില്‍ വിജയിക്കുന്ന ടീം ഫൈനല്‍ റൗണ്ടിന് യോഗ്യത നേടും. യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന് ഇന്ന് യുഎഇയെയും ഒമാന്‍ ഹോങ്കോംഗിനെയും നേരിടും.
ഇന്ത്യ, പാക്കിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്ക് പുറമെ യോഗ്യതാ റൗണ്ടില്‍ വിജയിച്ചെത്തുന്ന ടീം ഉള്‍പ്പെടെ അഞ്ച് ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്. യോഗ്യതാ റൗണ്ടിനുശേഷം 24ന് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കും. ഇന്ത്യയും ബംഗ്ലാദേശും തമ്മിലാണ് ഉദ്ഘാടന പോരാട്ടം. മുന്‍ ചാമ്പ്യന്‍ഷിപ്പുകളിലെല്ലാം 50 ഓവര്‍ മത്സരമാണ് നടന്നിരുന്നതെങ്കില്‍ ഇത്തവണ ട്വന്റി 20 ആയാണ് ടൂര്‍ണമെന്റ് നടക്കുക. ഈ വര്‍ഷം ട്വന്റി 20 ലോകകപ്പ് നടക്കുന്നതിനോടനുബന്ധിച്ചാണ് ഏഷ്യാ കപ്പും ട്വന്റി 20 ഫോര്‍മാറ്റിലേക്ക് മാറ്റിയത്.
ഏഷ്യാ കപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യയും ശ്രീലങ്കയുമാണ് ഏറ്റവും കൂടുതല്‍ തവണ കപ്പുയര്‍ത്തിയത്. അഞ്ച് തവണ വീതം. ഇന്ത്യ 1984, 1988, 1990-91, 1995, 2010 വര്‍ഷങ്ങളില്‍ കപ്പുയര്‍ത്തിയപ്പോള്‍ ശ്രീലങ്ക 1986, 1997, 2004, 2008, 2014 ടൂര്‍ണമെന്റുകളില്‍ ജേതാക്കളായി. ആറ് തവണ ശ്രീലങ്ക റണ്ണേഴ്സപ്പുമായി. 1984, 1988, 1990-91, 1995, 2000, 2010 എന്നീ ചാമ്പ്യന്ഷിപ്പുകളിലായിരുന്നു സിംഹളര്‍ രണ്ടാം സ്ഥാനത്തെത്തിയത്. 1997, 2004, 2008 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യയും രണ്ടാം സ്ഥാനം കരസ്ഥമാക്കി. പാക്കിസ്ഥാന് രണ്ട് തവണ മാത്രമാണ് കിരീടം നേടിയത്. 2000, 2012 വര്‍ഷങ്ങളില്‍. 1986, 2014 വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനക്കാരുമായി. 2012-ല്‍ റണ്ണേഴ്സായതാണ് ബംഗ്ലാദേശിന്റെ ഏറ്റവും ഉയര്‍ന്ന നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: