സ്വന്തം ലേഖകന്‍
കുമളി: റിസോര്‍ട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ സംഭവത്തില്‍ ദമ്പതികളടക്കം എട്ട് പേര് അറസ്റ്റില്‍. തിരുവനന്തപുരം ശ്രീകാര്യം ശബരിനഗര്‍ മണ്ടത്തറയില്‍ ശരത്ത് റാം(30), ഇയാളുടെ ഭാര്യ പൊന്നു ഹരിലാല്‍(26), കോടനാട് കണിയാംകുടിയില്‍ അജയ്(26), ക്വട്ടേഷന്‍ സംഘങ്ങളായ കട്ടപ്പന കടുമാക്കുഴി പറവക്കുന്നേല്‍ ലിജോ ജോസ്(22), പെഴുംങ്കവല കുഞ്ഞുവീട്ടില്‍ രഞ്ജിത്ത്(24), പുത്തന്‍പുരയ്ക്കല്‍ സുഭാഷ്(24), വാത്തിക്കുഴി കുന്നുംപുരയിടത്തില്‍ മിഥുന്(23), കൊച്ചെറ നെറ്റിതൊഴു എല്‍ദോ(21) എന്നിവരാണ് പിടിയിലായത്. ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയും കട്ടപ്പന സ്വദേശിയുമായ ഹാദി(23)നെ പിടികൂടാനുണ്ട്. കഴിഞ്ഞ 11ന് രാത്രിയിലാണ് കുമളി തേക്കടിക്കവലയിലെ വേദാന്ത വേക്ക്അപ്പ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് റിസോര്‍ട്ടിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായ പൂനെ സ്വദേശി വരുണ്‍ തോമസി(28) നാണ് ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഇദ്ദേഹത്തെ മുറിയില്‍ എത്തിയാണ് സംഘം ക്രൂരമായി ആക്രമിച്ചത്. അജയും ശരത്തും ഈ റിസോര്‍ട്ടിലെ ജീവനക്കാരായിരുന്നു. ക്രമക്കേട് നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് വരുണ്‍ ഇവരെ ഇവിടെ നിന്നും പുറത്താക്കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്. പൊന്നുവാണ് സുഹൃത്തായ ഹാദിക്ക് ആക്രമണത്തിന് ക്വട്ടേഷന്‍ നല്‍കിയത്. പ്രതികള്‍ വരുണിനെ ആക്രമിക്കുമ്പോള്‍ അജയും ശരത്തും പൊന്നുവും കാറില്‍ പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. ആക്രമണ ശേഷം വരുണിന്റെ 3 മൊബൈല്‍ഫോണും പാന്‍കാര്‍ഡും ചെക്ക്ലീഫും കവര്‍ന്നിരുന്നു. ചെക്ക്ലീഫ് മാറി തിരുവനന്തപുരത്ത് നിന്നും ശരത്തും അജയും 70000 രൂപ പിന്‍വലിച്ചിരുന്നു. ഇതില്‍ 20000 രൂപ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്ക് നല്‍കിയിരുന്നു. പോലീസ് പരിശോധനയില്‍ 15000 രൂപയും പാന്‍കാര്‍ഡും പ്രതികളില്‍ നിന്നും കണ്ടെടുത്തു. മൊബൈല്‍ഫോണ്‍ കണ്ടെത്താനായിട്ടില്ല. അജയ്, ശരത്ത്, പൊന്നു എന്നിവരെ കുമളി എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം കഴി
ഞ്ഞ ദിവസം രാത്രി പാലക്കാട് നിന്നുമാണ് പിടികൂടിയത്. ബാക്കിയുള്ളവരെ കട്ടപ്പനയില്‍ നിന്നുമാണ് ഇന്നലെ രാവിലെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ടീമിനെ കേസിന്റെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. കട്ടപ്പന ഡിവൈ.എസ്പിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പീരുമേട് സിഐ പി വി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതികള്‍ ആക്രമണത്തിന് മുമ്പ് നിരന്തരം റിസോര്‍ട്ടിലെ വിവരങ്ങള്‍ തിരക്കിയതാണ് പോലീസിന് സംശയത്തിന് ഇടയാക്കിയത്. പ്രതികള്‍ക്കെതിരെ കൂട്ടക്കവര്‍ച്ച, വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: