ന്യൂദല്‍ഹി: ഇന്ത്യയുടെ മഹേഷ് ഭൂപതി-യൂകി ഭാംബ്രി സഖ്യം ദല്‍ഹി ഓപ്പണ്‍ ടെന്നീസിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ബെല്‍ജിയം-ഫ്രഞ്ച് ജോടിയായ യാനിക് മെര്‍ട്ടന്‍സ്-സ്റ്റീഫന്‍ റോബര്‍ട്ട് സഖ്യത്തെ മറികടന്നാണ് ഭൂപതി-ഭാംബ്രി സഖ്യം സെമിയില്‍ ഇടംപിടിച്ചത്. ആദ്യമായാണ് ഭൂപതിയും ഭാംബ്രിയും ഡബിള്‍സില്‍ ഒന്നിക്കുന്നത്. ഇന്ത്യയുടെ മോഹിത് മയൂര്‍-വിനായക് ശര്‍മ സഖ്യത്തെ പരാജയപ്പെടുത്തി എത്തിയ ജിമ്മി വാംഗ്-സെ ഷാംഗ് ജോടിയെയാണ് സെമിയില്‍ ഭൂപതി-ഭാംബ്രി സഖ്യം നേരിടുക.
അതേസമയം, ഇന്ത്യയുടെ പ്രജ്‌നേഷ് ഗുണേശ്വരന്‍ സിംഗിള്‍സില്‍ ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു. ചൈനയുടെ ഏഴാം സീഡ് യാന്‍ ബയ് മത്സരത്തിനെത്താതിരുന്നതിനെ തുടര്‍ന്ന് വാക്കോവര്‍ ലഭിച്ചാണ് ഗുണേശ്വരന്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. നാലാം സീഡ് സാകേത് മെയ്‌നിയും മൂന്നാം സീഡ് ഫ്രാന്‍സിന്റെ സ്റ്റീഫന്‍ റോബര്‍ട്ടും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.
















