വൈക്കം : തലയാഴം പഞ്ചായത്തില്‍ കുളമ്പുരോഗ ബാധയെത്തുടര്‍ന്ന് പശുക്കള്‍ കാലുകള്‍ തളര്‍ന്ന് വീഴുന്നു. രണ്ടാഴ്ചയായിട്ടും നിലത്തുകിടക്കുന്ന പശുക്കള്‍ പുല്ലും വെള്ളവും കഴിക്കുന്നില്ല. ഇതോടെ ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. കുളമ്പുരോഗ ബാധയെത്തുടര്‍ന്ന് 12 ദിവസമായി തളര്‍ന്നുകിടന്ന തോട്ടകം വാക്കേത്തറ കൊച്ചുതൈയ്യില് മോഹനന്റെ പശു ചത്തു.
ഇപ്പോള്‍ 15ലധികം പശുക്കള്‍ രോഗബാധയിലാണ്. അത്യാസന്ന നിലയിലാകുന്ന പശുക്കള്‍ക്ക് മുന്നില്‍ മൃഗസംരക്ഷണവകുപ്പും പകച്ചുനില്‍ക്കുകയാണ്. ഓരോദിവസം ചെല്ലുന്തോറും പ്രശ്നത്തിന്റെ തീവ്രത വര്‍ദ്ധിച്ചിട്ടും മൃഗസംരക്ഷണ വകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല. മൃഗാശുപത്രികള്‍ കാഴ്ചക്കാരായി നില്ക്കുന്ന അവസ്ഥയാണ്. നിര്‍ദ്ധനരായ ക്ഷീരകര്‍ഷകര്‍ അസുഖവിവരം സംബന്ധിച്ച് മൃഗാശുപത്രിയില്‍ എത്തിയാല്‍ പുറത്തേക്ക് വിലയേറിയ മരുന്നുകള്‍ കുറിച്ചുനല്‍കുക എന്ന ഉത്തരവാദിത്വം മാത്രമാണ് ഇവര്‍ നിര്‍വഹിക്കുന്നത്. പലരും മരുന്ന് വാങ്ങാനുള്ള സാമ്പത്തികശേഷി ഇല്ലാത്തവരാണ് എങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകളെയെല്ലാം അതിജീവിച്ച് ഇവര്‍ പശുക്കളെ പരിപാലിക്കുന്നു. കുളമ്പുരോഗം തലയാഴം പഞ്ചായത്തിനെയാണ് ഏറ്റവുമധികം തകര്‍ത്തിരിക്കുന്നത്. കുളമ്പുരോഗത്തിനുള്ള മരുന്നുകള്‍ ചില പ്രത്യേക കടകളില്‍ മാത്രമാണ് ലഭിക്കുന്നത്. അതാത് പ്രദേശത്തെ ക്ഷീരകര്‍ഷകര്‍ മരുന്നിനു വേണ്ടി പഞ്ചായത്ത് പരിധിയിലെ മൃഗാശുപത്രിയില്‍ത്തന്നെ എത്തി മരുന്നു വാങ്ങണമെന്ന നിര്‍ബന്ധവും ഡോക്ടര്‍മാര്‍ തുടരുന്നുണ്ട്. രോഗ പ്രതിരോധ ചികിത്സ സൗജന്യമാക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. തലയാഴം പഞ്ചായത്തില്‍ ഇപ്പോള്‍ ഏകദേശം 150ലധികം പശുക്കള്‍ക്ക് രോഗം പിടിപെട്ടതായാണ് അനൗദ്യോഗിക കണക്ക്. തോട്ടകം, വാക്കേത്തറ, ചെട്ടിക്കരി, പുതുക്കരി, മുണ്ടാര്‍, മാരാംവീട്, വിയറ്റ്നാം, ഇടഉല്ലല, കൊതവറ, ഇടയാഴം മേഖലകളിലാണ് കുളമ്പുരോഗം വ്യാപകമായിക്കൊണ്ടിരിക്കുന്നത്. 15 ലിറ്റോളം പാല് ലഭിച്ചിരുന്ന പശുക്കള്‍ക്ക് രോഗം പിടിപെട്ടതിനെ തുടര്‍ന്ന് ഇപ്പോള്‍ മൂന്ന് ലിറ്റര്‍ പാല് മാത്രമാണ് ലഭിക്കുന്നത്. കറന്നുകിട്ടുന്ന പാല് ഇവര്‍ കളയുകയാണ് ചെയ്യുന്നത്.
ഈ വിഷയത്തില്‍ ഇനിയും അലംഭാവം വെടിഞ്ഞ് കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുവാന്‍ മൃഗാശുപത്രികള്ക്കുമേല് സമ്മര്‍ദ്ദങ്ങള്‍ ചെലുത്തുവാന്‍ ക്ഷീരസംഘങ്ങള്‍ മുന്നിട്ടിറങ്ങണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. മണ്ഡലത്തിലെ പല ക്ഷീരസംഘങ്ങളിലും കുളമ്പുരോഗ ബാധയെത്തുടര്‍ന്ന് ദിവസേന ലഭിക്കുന്ന പാലിന്റെ അളവില്‍ വന്‍ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: