മൂന്നാര്‍: മാട്ടുപ്പെട്ടി ജലാശയത്തില്‍ വീണു മരിച്ച വനവാസിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താന്‍ പോലീസ് താമസം വരുത്തിയതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. കുണ്ടള സാന്റോസ് കുടിയിലെ പളനിസാമിയാണ് കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടി ജലാശയത്തില്‍ വീണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ വൈകിട്ടോടെയാണ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്ച്ചത്തിനയച്ചത്. മൂന്നാര്‍ എസ്.ഐയും സി.ഐയും സംഭവത്തില്‍ വീഴ്ചവരുത്തിയതാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ ഉന്നത അധികാരികള്‍ക്ക് നല്‍കും. കുണ്ടളയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് വ്യാജ മദ്യലോബിയുടെ പ്രവര്‍ത്തനം ശക്തമാണ്. പോലീസിന്റെ ഭാഗത്തുനിന്നും ഇവരെ അമര്‍ച്ച ചെയ്യുന്നതിന് നടപടി സ്വീകരിക്കുന്നില്ല എന്ന ആക്ഷേപവും ശക്തമാണ്. മദ്യത്തിനടിപ്പെട്ടാണ് പളനി സ്വാമി ഡാമില്‍ വീണ് മരിക്കാനിടയായതെന്ന പരാതിയുമായി നൂറോളം കോളനി നിവാസികള്‍ ഇന്നലെ മൂന്നാര്‍ സ്റ്റേഷനിലെത്തിയിരുന്നു. മുന്‍കാലങ്ങളില്‍ ഈ പ്രദേശത്ത് ശക്തമായിരുന്ന സിപിരിറ്റ് മാഫിയയെ പോലീസ് അമര്‍ച്ച ചെയ്തിരുന്നു. ആറ് മാസത്തിനിടെ വീണ്ടും വ്യാജവാറ്റും മദ്യക്കച്ചവടവും ശക്തമായിരിക്കുകയാണ്. പോലീസുകാര്‍ പാരിതോഷികങ്ങള്‍ വാങ്ങിയാണ് മദ്യക്കച്ചവടം നടത്താന്‍ മൗനാനുവാദം നല്‍കിയിരിക്കുന്നതെന്നാണ് കോളനിയിലെ സ്ത്രീകളുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: