തൊടുപുഴ: മദ്യ ലഹരിയില്‍ മയങ്ങി തൊടുപുഴ മേഖലയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ സ്കൂളുകളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പിടിയിലായത് പ്രായപൂര്‍ത്തിയാകാത്ത 16 വിദ്യാര്‍ത്ഥികളാണ്. ലഹരിയില്‍ മയങ്ങിയാണ് 14 നും 19 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ സ്കൂളുകളില്‍ അക്രമണം നടത്തിയത് എന്നുള്ളത് മാതാപിതാക്കളെപോലും ഞെട്ടിച്ചിരിക്കുകയാണ്. കോടിക്കുളത്ത് നടന്ന അക്രമസംഭവത്തില്‍ 8 പേരെ കാളിയാര്‍ പോലീസ് പിടികൂടിയിരുന്നു. ഇതിനു പുറമെയാണ് കഴിഞ്ഞദിവസം തൊടുപുഴ ഷാഡോ പോലീസ് മണക്കാട് സ്കൂളിലെ അക്രമസംഭവത്തിലും സ്കൂളില്‍ പഠിക്കുന്ന 8 വിദ്യാര്‍ത്ഥികള്‍ പിടികൂടിയത്. രണ്ട് സ്ഥലങ്ങളിലും കുട്ടിസംഘങ്ങള്‍ മദ്യപിച്ച് ഉന്മത്തരായാണ് അക്രമം നടത്തിയത്. വീട്ടുകാര്‍ അറിയാതെ കോടിക്കുളത്ത് പള്ളിപെരുന്നാളും, മണക്കാട് ക്ഷേത്രത്തിലെ ഉത്സവും ആഘോഷിക്കുന്നതിനായാണ് മദ്യം വാങ്ങി കുട്ടികള്‍ സ്കൂളുകളില്‍ ഒത്തുചേര്‍ന്നത്. മണക്കാട് സ്കൂളില്‍ അധ്യാപകരോട് ദേഷ്യം തീര്‍ക്കാനാണ് സ്കൂളുപകരണങ്ങള് അടിച്ചു തകര്‍ത്തത്. എകദേശം 15000 രൂപയുടെ നഷ്ടമുണ്ടായതായി സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ കോടിക്കുളം സ്കൂളില്‍ മദ്യം തലയ്ക്ക് പിടിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കോടിക്കുളത്തെ ഒരു കച്ചവടക്കാരന് വിദ്യാര്‍ത്ഥികള്‍ രാത്രിയില്‍ അച്ചാര്‍ വാങ്ങാനെത്തിയതായി പോലീസിനെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് കുട്ടിസംഘത്തെ കുടുക്കിയത്. മണക്കാട് വിദ്യാര്‍ത്ഥിയുടെ കൈമുറിഞ്ഞതുമായി ബന്ധപ്പെട്ട സംശയമാണ് കേസില്‍ നിര്‍ണ്ണായകമായത്. സൈക്കിളിടിച്ചാണ് കൈമുറിഞ്ഞതെന്ന് കുട്ടി പറഞ്ഞെങ്കിലും സംശയം തോന്നി നടത്തിയ അന്വേഷണത്തില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. കുപ്പിച്ചില്ല് കൊണ്ടാണ് കുട്ടിയുടെ കൈ മുറിഞ്ഞിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്കിയവരെക്കുറിച്ചും തൊടുപുഴ, കാളിയാര്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. ബിവറേജില്‍ നേരിട്ട് ചെന്ന് മദ്യം വാങ്ങിയതയാണ് വിദ്യാര്‍ത്ഥികള്‍ പോലീസിനു നല്കിയ മൊഴി. എന്നാല്‍ പോലീസ് ഇതു മുഖവിലക്കെടുക്കുന്നില്ല. മറ്റാരെങ്കിലും എത്തിച്ച് നല്കിയാതാണോയെന്ന് വിശദമായി പരിശോധിച്ചു വരികയാണ്. അടുത്തയിടെ നടന്ന 2 സംഭവങ്ങളെക്കുറിച്ചും ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പോലിസിനോട് വിശദമായ റിപോര്‍ട്ട് നല്‍കണമെന്ന് ആവശ്യപെടും. ഇത്തരം സംഭവങ്ങള്‍ നടക്കുന്ന സ്കൂളിലെ കുട്ടികള്‍ക്ക് ലഹരി ഉപയോഗം ജീവിതത്തില്‍ വരുത്തുന്ന ദുരന്തങ്ങളെക്കുറിച്ച് ക്ലാസുകള്‍ നടത്താനും ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്കൂളുകളോട് ആവശ്യപ്പെടും. ജില്ലയില്‍ വിവിധയിടങ്ങളില്‍ എക്സൈസ് സംഘം കുട്ടികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തിവരുന്നുണ്ട്. അടുത്തിടെ ഉണ്ടായ രണ്ട് സംഭവങ്ങളിലും കണക്കിലെടുത്ത് എക്സൈസ് സംഘം നേരിട്ടെത്തി സ്കൂളുകളിലെ കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്ന ആവശ്യവും ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: