വാഴൂര്‍: പ്രതിഫലേച്ഛയില്ലാതെ മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്പിച്ച് മാനവസേവ മാധവസേവ എന്ന സന്ദേശം പ്രചരിപ്പിച്ച വാഴൂര്‍ വിദ്യാധിരാജ ചാരിറ്റബിള്‍ ട്രസ്റ്റിന് പുരസ്കാര തിളക്കം. സാമൂഹിക സേവാ കേന്ദ്രത്തിന്റെ പതിനേഴാമത് ശ്രീഗുരുജി സേവാ പുരസ്കാരമാണ് സേവനവഴിയില്‍ വിദ്യാധിരാജയ്ക്ക് അംഗീകാരമായി എത്തിയത്.
കിടപ്പ് രോഗികളെ ജാതിമതഭേദമെന്യേ വീടുകളില്‍ എത്തി സൗജന്യ ചികിത്സാ സഹായം എത്തിക്കുന്നതില്‍ നാലുവര്‍ഷമായി വിദ്യാധിരാജ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പാലിയേറ്റീവ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ നൂറിനടുത്ത് രോഗികളെ സഹായിക്കുന്ന ട്രസ്റ്റ് മരുന്ന് വാങ്ങി നല്കല്, ആശുപത്രി ചികിത്സ ലഭ്യമാക്കല്‍, ചിലവേറിയ സ്കാനിംഗ് മറ്റ് പരിശോധനകള്‍ എന്നിവ സൗജന്യമായി ലഭ്യമാക്കല്‍, ചികിത്സാ ഉപകരണങ്ങള്‍ നല്കല് എന്നിവയിലെല്ലാം ശ്രദ്ധിക്കുന്നുണ്ട്.
കുട്ടികള്‍ക്ക് പഠനസഹായം, നിരാംലബര്‍ക്ക് വീട് വച്ചുനല്കല്, വിവിധ പെന്‍ഷനുകള്‍ ലഭ്യമാക്കാനുള്ള സഹായം, വീടിരിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ലഭ്യമാക്കല്‍, നിര്‍ദ്ധനര്‍ക്ക് ഭക്ഷണം നല്കല്, നിയമസഹായം, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിസ്വാര്‍ത്ഥരായ സന്നദ്ധപ്രവര്‍ത്തകര്‍ ട്രസ്റ്റിനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. സ്വാന്തന പരിചരണ രംഗത്ത് മറ്റേത് സംഘടനയേക്കാളും മുമ്പന്തിയില്‍ നില്ക്കുന്ന വിദ്യാധിരാജ ചാരിറ്റബിള്‍ ട്രസ്റ്റിന് ശ്രീഗുരുജി സേവാ പുരസ്കാരം കൊടുങ്ങൂരില്‍ നടന്ന ചടങ്ങില്‍ ഇന്നലെ സമര്‍പ്പിച്ചു.
സമ്മേളനം ആര്. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സേവാ കേന്ദ്രം അദ്ധ്യക്ഷന്‍ കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീ വിദ്യാധിരാജ പാലിയേറ്റീവിലെ ഡോക്ടര്‍ സ്വാമി കൃഷ്ണാനന്ദ തീര്‍ത്ഥപാദര്‍ പുരസ്കാരം ഏറ്റുവാങ്ങി. വാ. ലക്ഷ്മണ പ്രഭു, ആര്. വിശ്വനാഥ കമ്മത്ത്, എസ്. ശിവരാമ പണിക്കര്‍, ഡോ. ഭാനു അശോക് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: