കോട്ടയം: കോട്ടയത്തിന് ബജറ്റില്‍ തേനും പാലും ഒഴുക്കിയെന്ന് അവകാശപ്പെടുന്നത് വെള്ളത്തില്‍ വര വരച്ചതുപോലെ മാത്രമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി അഭിപ്രായപ്പെട്ടു. കഴിഞ്ഞ തവണ പ്രഖ്യാപിച്ച പല പദ്ധതികളും ചുവപ്പുനാടയില്‍ കുരുങ്ങി കിടക്കുകയാണ്. 2013-ലാണ് കുമരകം ടൂറിസ്റ്റ് കേന്ദ്രത്തിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതുവരെ അവിടെ എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണം. കഴിഞ്ഞ ബജറ്റിലെ പല കാര്യങ്ങളും ആവര്‍ത്തിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തിട്ടുള്ളത്. അരുവിക്കുഴി ടൂറിസം പദ്ധതിപോലും എങ്ങും എത്തിയിട്ടില്ല.
കോട്ടയത്തിന്റെ മുഖഛായ മാറ്റിയെടുക്കാന്‍ പറ്റുന്ന പ്രധാന പദ്ധതികളായ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ്, നെഹ്റു സ്റ്റേഡിയം, മൊബിലിറ്റി ഹബ്ബ്, കാലടി-പമ്പ ഹൈവേ തുടങ്ങിയവയേക്കുറിച്ച് ഒരു പരാമര്‍ശവുമില്ല. തിരക്കുകൊണ്ട് വീര്‍പ്പുമുട്ടുന്ന കോട്ടയം ടൗണിന്റെ വികസനത്തിന് ഒരു പരിഹാരവുമില്ല. അക്ഷരാര്‍ത്ഥത്തില്‍ മലര്‍പൊടിക്കാരന്റെ സ്വപ്നം മാത്രമാണ് ഇപ്പോള്‍ മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റ്. അതില്‍പോലും കോട്ടയത്തെ മന്ത്രിമാര്‍ വീതംവയ്പ്പ് നടത്തിയെന്നത് ശ്രദ്ധേയമാണ്. ഈ തട്ടിപ്പ് ജനങ്ങള്‍ തിരിച്ചറിയണമെന്നും ബജറ്റ് ഇലക്ഷന് പ്രചരണത്തിനു മാത്രമുള്ള ലഘുലേഖ മാത്രമാണെന്നും എന്‍. ഹരി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: