കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ 25-ാം പ്രതിയായ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ആശുപത്രിവാസം നാടകമാണെന്ന് തെളിഞ്ഞു. കേസന്വേഷണത്തിന്റെ ഭാഗമായി സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴായിരുന്നു ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടെന്ന് പറഞ്ഞ് ജയരാജന്‍ കണ്ണൂരിലെ സിപിഎം നിയന്ത്രണത്തിലുള്ള എകെജി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയത്. കഴിഞ്ഞ മാസം 19 മുതല്‍ ജയരാജന്‍ ആശുപത്രി വാസത്തിലാണ്. പാര്‍ട്ടി പരിപാടികളില്‍ സജീവമായിരുന്ന ജയരാജന്‍ സിബിഐയുടെ കത്ത് ലഭിച്ച് തൊട്ടടുത്ത ദിവസമാണ് ആശുപത്രിയിലെത്തിയത്. നാലാഴ്ചത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചുവെന്നാണ് പിന്നീട് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറഞ്ഞത്. എന്നാല്‍ ആശുപത്രിയില്‍ ജയരാജന്റെ നേതൃത്വത്തില്‍ ഒരു പൊതുചടങ്ങ് നടന്നത് ഏറെ വിമര്‍ശനം വിളിച്ച് വരുത്തി. തുടര്‍ന്ന് വിദഗ്ദ ചികിത്സക്ക് വേണ്ടി ജയരാജന്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പോയി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതിയും തള്ളിയതോടെയാണ് ജയരാജന്‍ ആശുപത്രിവിടാന്‍ തീരുമാനിച്ചത്. ആശുപത്രിയില്‍ കഴിഞ്ഞ് മടുത്ത ജയരാജന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇവിടം വിടണമെന്ന് സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യത്തില്‍ തീരുമാനമാകുന്നതുവരെ ആശുപത്രിയില്‍ തന്നെ കഴിയാന്‍ നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിവാസം തുടരുകയാണെങ്കില്‍ സിബിഐ സംഘം പ്രത്യേക മെഡിക്കല്‍ സംഘത്തെ നിശ്ചയിച്ച് ജയരാജന്റെ ആരോഗ്യനിലപരിശോധിക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കൂടിയാണ് ജയരാജന്‍ ആശുപത്രിവാസം മതിയാക്കി ഇന്നലെ കോടതിയില്‍ കീഴടങ്ങിയത്.
















