തൊടുപുഴ: വണ്ണപ്പുറം മുണ്ടന്‍മുടിയ്‌ക്ക് സമീപം സ്വകാര്യവ്യക്തിയുടെ പറമ്പില്‍ സൂക്ഷിച്ചിരുന്ന 25 ലിറ്റര്‍ ചാരായം തൊടുപുഴ എക്‌സൈസ് സ്‌ക്വാഡ് പിടികൂടി. മുണ്ടന്‍മുടി കൊച്ചടിവാരത്തില്‍ സണ്ണിയുടെ പുരയിടത്തില്‍ നിന്നുമാണ് ഇന്നലെ ഉച്ചയോടെ ചാരായം കണ്ടെത്തിയത്. എക്‌സൈസ് എത്തുന്നതറിഞ്ഞ് പ്രതി ഓടി രക്ഷപെടുകയായിരുന്നു. വണ്ണപ്പുറം,പട്ടയക്കുടി മേഖലകളില്‍ വന്‍ തോതില്‍ രാത്രികാലങ്ങളില്‍ ചാരായം വില്‍പ്പന നടത്തുന്നതായി എക്‌സൈസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. 2 കന്നാസുകളിലായാണ് ചാരായം സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത തൊണ്ടിമുതല്‍ തൊടുപുഴ റെയിഞ്ച് ഓഫീസില്‍ ഹാജരാക്കി. ഇടുക്കി സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ സുമേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജയന്‍ പി ജോണ്‍, ജലീല്‍, അനുപ്, ഷിജു, ഷിജിന്‍, അജിത്കുമാര്‍, പ്രസീദമോള്‍ എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്. സംഭവത്തില്‍ സണ്ണിക്കെതിരെ എക്‌സൈസ് അന്വേഷണം നടത്തി വരികയാണ്.
















