ഇടുക്കി: ഹോംസ്റ്റേ വാടകയ്‌ക്ക് നല്‍കാമെന്ന് പറഞ്ഞ് വ്യാജ എഗ്രിമെന്റുണ്ടാക്കി യുവാവിന്റെ പക്കല്‍ നിന്നും കാല്‍ലക്ഷം തട്ടിയെടുത്ത കേസിന്റെ അന്വേഷണം വെള്ളത്തൂവല്‍ പോലീസ് അട്ടിമറിച്ചു. ഈരാറ്റുപേട്ട തിടനാട് ചെമ്പന്‍കുളം സുരേഷാണ് ഒരു വര്‍ഷം മുന്‍പ് കോതമംഗലം മേക്കുന്നേല്‍ ഷാജി എബ്രഹാമിനെതിരെ വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷിനില്‍ രേഖാമൂലം പരാതി നല്‍കിയത്. പോലീസ് കേസെടുക്കാതെ മെല്ലപ്പോക്ക് നടത്തിയെങ്കിലും പരാതിക്കാരന്‍ ശക്തമായ നിലപാടെടുത്തതോടെ ഷാജിക്കെതിരെ വഞ്ചനക്കുറ്റം ചുമത്തി അന്നത്തെ വെള്ളത്തൂല്‍ പോലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തിന്റെ വിശദാംശം ഇങ്ങനെ: 2014 ഓക്ടോബര്‍ മാസത്തിലാണ് വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിവാസല്‍ രണ്ടാംമൈലില്‍ പഴയസര്‍വ്വേ നമ്പര്‍ 19/ 1ല്‍ റീസര്‍വ്വേ നമ്പര്‍ 37 പാര്‍ട്ടില്‍പ്പെട്ട പള്ളിവാസല്‍ വില്ലേജിലെ 1752-ാം നമ്പര്‍ തണ്ടപ്പേരില്‍പ്പെട്ട 02.22 ആര്‍ സ്ഥലവും അതിലുള്ള അഞ്ച്/81, 82 എ എന്നീ കെട്ടിടങ്ങളും ഷാജി സുരേഷിന് 11മാസത്തേയ്‌ക്ക് വാടകയ്‌ക്ക് നല്‍കുന്നതായി എഗ്രിമെന്റുണ്ടാക്കി. മൂന്ന് ലക്ഷം രൂപ മുടക്കി കെട്ടിടങ്ങള്‍ സുരേഷ് നവീകരിച്ചു. ഇതിന് ശേഷം ഷാജി സുരേഷിനെ ഭീഷണിപ്പെടുത്തി ബലം പ്രയോഗിച്ച് കെട്ടിടത്തില്‍ നിന്ന് ഇറക്കിവിട്ടു. സെക്യൂരിറ്റിയായി നല്‍കിയ കാല്‍ ലക്ഷം രൂപയോ കെട്ടിടം നവീകരിച്ച പണമോ നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് സുരേഷ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതി നല്‍കിയതോടൊപ്പം വാടകയ്‌ക്കെടുത്ത വസ്തു ആരുടെ പേരിലാണെന്ന് അറിയാന്‍ സുരേഷ് പള്ളിവാസല്‍ വില്ലേജിലും പഞ്ചായത്തിലും വിവരാവകാശ പ്രകാരം അപേക്ഷ നല്‍കി. ഇതിന് ലഭിച്ച മറുപടിയില്‍ ഷാജിയുടെ പേരിലല്ല ഈ കെട്ടിടമെന്ന് വ്യക്തമാക്കിയിരുന്നു.
ഈ രേഖ ലഭിച്ചതോടെ ഷാജി കരുതിക്കൂട്ടി തന്നെ വഞ്ചിച്ചതാണെന്ന്കാട്ടി വീണ്ടും വെള്ളത്തൂവല്‍ പോലീസില്‍ സുരേഷ് പരാതി നല്‍കി. ഇതേത്തുടര്‍ന്നാണ് വെള്ളത്തൂവല്‍ പോലീസ് ഷാജിക്കെതിരെ
വഞ്ചനയ്‌ക്ക് എഫ്.ഐ.ആര്‍ ഇട്ടത്. എന്നാല്‍ കേസൊതുക്കാനാണ് അന്നത്തെ എസ്.ഐ സഞ്ജയ് ശ്രമിച്ചത്. ഈ എസ്.ഐക്കെതിരെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
















