കോഴിക്കോട്: കണ്ണുകള്‍ എത്ര തുറന്ന് നോക്കിയാലും ചിലതെല്ലാം നമുക്ക് കാണാനാകില്ല. ചിലതെല്ലാം കണ്ടാലും കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു നടക്കുന്നവരാണ് നമ്മളില്‍ പലരും. ഇത്തരത്തില്‍ കണ്ടതും കാണേണ്ടതുമായ ചില ചിത്രങ്ങള്‍, ചില ഓര്‍മ്മപ്പെടുത്തലുകള്‍ അതാണ് തുറന്നുവെച്ച കണ്ണുകള്‍. മാധ്യമം ഫോട്ടോഗ്രാഫര്‍ പ്രകാശ് കരിമ്പ പകര്‍ത്തിയ ചിത്രങ്ങളുടെ പ്രദര്‍ശനമാണ് തുറന്നുവെച്ച കണ്ണുകള്‍ എന്ന പേരില്‍ കോഴിക്കോട് ലളിത കലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്നത്. പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്ക് തുറന്നുവെച്ച കണ്ണുകളില്‍ പതിഞ്ഞതാണ് ഈ കാഴ്ചകള്‍. വാഹനാപകടങ്ങളും പ്രകൃതിചൂഷണവും ഭിക്ഷാടനവും രാഷ്‌ട്രീയ കേരളത്തെ നടുക്കിയ സംഭവങ്ങളുമെല്ലാം ചിത്രങ്ങള്‍ക്ക് വിഷയമായിട്ടുണ്ട്. നാല്‍പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
കാഴ്ചകളെ സൂക്ഷ്മമായി ഒപ്പിയെടുക്കാനുള്ള ശ്രമമാണ് ഈ ചിത്രങ്ങളില്‍ കാണാനാകുന്നത്. ചില ചിത്രങ്ങള്‍ അത്യപൂര്‍വ്വമായി ക്യാമറക്ക് മുന്നില്‍ വന്നുപ്പെട്ടതാണ്. ചില ചിത്രങ്ങള്‍ക്കായി കാത്തിരിക്കേണ്ടിയും വന്നിരിട്ടുണ്ട്.
മനുഷ്യന്റെ കടന്നുകയറ്റംമൂലം ഇല്ലാതാകുന്ന പരിസ്ഥിതിയെ അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍ വിചിന്ത നത്തിന് വഴിയൊരുക്കുന്നതാണ്. വറ്റിവരണ്ട നിളയും കത്തിയെരിയുന്ന പ്ലാസ്റ്റിക് മാലിന്യത്തിലേക്ക് ചിറകടിച്ച് വീഴുന്ന കാക്കയുമെല്ലാം നേര്‍കാഴ്ചകളാണ്. നാം കാണാതെ പോകുന്ന കാഴ്ചകള്‍. ഒരു നിമിഷംകൊണ്ട് റോഡില്‍ പൊലിയുന്ന ജിവിതങ്ങളും ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്.
മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ പി. മുസ്തഫയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, അലി കോവൂര്‍, ചോയിക്കുട്ടി, അജീബ് കൊമാച്ചി, മധു മാസ്റ്റര്‍, സുനില്‍ അശോകപുരം, സി.എസ്. അരുണ്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. രാവിലെ 11 മുതല്‍ വൈകിട്ട് ഏഴു വരെ നടക്കുന്ന പ്രദര്‍ശനം 14ന് സമാപിക്കും.
















