കോഴിക്കോട്: സ്മരണകളെ ദീപ്തമാക്കുന്ന ഗാനാഞ്ജലിയുമായി ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം നടത്തി. ദേവാസുരത്തിലെ സൂര്യകിരീടം വീണുടഞ്ഞു, ഈ പുഴയും കടന്ന് എന്ന സിനിമയിലെ പാതിരാപ്പുള്ളുണര്‍ന്നു….. ദേവകന്യക സൂര്യതംബുരു മീട്ടുന്നു തുടങ്ങിയ ഗാനങ്ങളുമായാണ് ഇന്നലത്തെ സായംസന്ധ്യ കോഴിക്കോട് ടൗണ്‍ഹാളില്‍ തിങ്ങിനിറഞ്ഞ സദസ്സിനെ, കവിയും ഗാനരചയിതാവുമായ ഗിരീഷ് പുത്തഞ്ചേരി സ്മരണയിലേക്കുയര്‍ത്തിയത്. രൂപേഷ്, രമ്യ, നിധീഷ് തുടങ്ങിയവരാണ് ഗാനമാലപിച്ചത്.
ബാങ്ക്‌മെന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ഗിരീഷ് പുത്തഞ്ചേരി സ്മാരക കവിതാ പുരസ്‌കാര സമര്‍പ്പണവും കവിതാ പുസ്തക പ്രകാശനവും ഉണ്ടായിരുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കെ.പി. അശ്വിന്‍, ആര്‍. ജീവനി, കെ.കെ. അന്‍ഷിറ, സി. എസ്. ദേവിക, ഹയര്‍സെക്കന്ററി വിഭാഗത്തില്‍ എസ്.എം അഷിദ, എ.എച്ച് തഹ്‌സില, ആര്‍.എസ് അബിന്‍രാജ്, കോളജ് വിഭാഗത്തില്‍ നവീന രവീന്ദ്രന്‍, എ. ആതിര, ഷെറിന്‍ബാബു എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ചടങ്ങില്‍ ബാങ്ക്‌മെന്‍സ് ക്ലബ് പ്രസിഡന്റ് കെ.ജെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. ആര്‍. മോഹന്‍ കവിതാവലോകനം നടത്തി. കവിതാ പുസ്തകം ”പിന്നെയും പിന്നെയും” ഒ.വി. സുരേഷ് പ്രകാശനം ചെയ്തു. കവി പി.കെ. ഗോപി സമ്മാനദാനം നടത്തി. ജെയിംസ് സി ലാസര്‍ സ്വാഗതവും കെ. സനീഷ് നന്ദിയും പറഞ്ഞു.
















