ഗുവാഹത്തി: പന്ത്രണ്ടാമത് സാഫ് ഗെയിംസില്‍ സ്വര്‍ണ്ണ നേട്ടത്തില്‍ സെഞ്ചുറി ലക്ഷ്യമാക്കി കുതിക്കുന്ന ഇന്ത്യ പകുതിവഴിയിലെത്തി. 53 സ്വര്‍ണ്ണവും 20 വെള്ളിയും ആറ് വെങ്കലവുമടക്കം ഇന്ത്യക്ക് 79 മെഡലുകളാണ് ഉള്ളത്. ഇന്നലെ മാത്രം ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയത് 23 സ്വര്‍ണ്ണവും 8 വെള്ളിയും മൂന്ന് വെങ്കലവും.
രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്ക ബഹുദൂരം പിന്നിലാണ്. 11 സ്വര്‍ണ്ണവും 27 വെള്ളിയും 25 വെങ്കലവുമടക്കം 63 മെഡലുകളാണ് അവരുടെ സമ്പാദ്യം. പാക്കിസ്ഥാന് മൂന്നാം സ്ഥാനം. 4 സ്വര്‍ണ്ണവും 11 വെള്ളിയും 14 വെങ്കലവുമടക്കം 29 മെഡലുകള്‍. ബംഗ്ലാദേശിന് മൂന്ന് സ്വര്‍ണ്ണവും 7 വെള്ളിയും 21 വെങ്കലവുമടക്കം 31 മെഡലുകളാണുള്ളത്. നേപ്പാളും ഇന്നലെ സ്വര്‍ണ്ണം നേടി.
കഴിഞ്ഞ ദിവസങ്ങളിലെന്നപോലെ ഗുസ്തി, ഭാരോദ്വഹനം, നീന്തല്‍, സൈക്ലിങ്ങ് എന്നിവയിലാണ് ഇന്ത്യയുടെ സ്വര്‍ണ്ണവേട്ട. കൂടാതെ സ്‌ക്വാഷിലും ബാഡ്മിന്റണ്‍ പുരുഷ-വനിതാ ടീം ഇനത്തിലും ടേബിള്‍ ടെന്നീസ് ടീം ഇനങ്ങളിലും വുഷുവിലും ഇന്നലെ ഇന്ത്യ പൊന്നണിഞ്ഞു. പുരുഷന്മാരുടെ വുഷുവില്‍ ഇന്ത്യയുടെ എം. പുന്‍ഷിവ മെയ്‌തേയി സ്വര്‍ണ്ണം നേടിയപ്പോള്‍ വനിതകളില്‍ സ്വേച്ഛാ യാദവ് വെള്ളിയും കരസ്ഥമാക്കി. അമ്പെയ്‌ത്തിലും ഇന്നലെ നിര്‍ണയിക്കപ്പെട്ട നാല് സ്വര്‍ണ്ണവും ഇന്ത്യ സ്വന്തമാക്കി.
വനിതാ ഹോക്കിയില്‍ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം വിജയം നേടി. കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ 24-0ന് നേപ്പാളിനെ തകര്‍ത്ത വനിതകള്‍ ഇന്നലെ ശ്രീലങ്കയെ 12-1നാണ് തരിപ്പണമാക്കിയത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് കൗര്‍ അഞ്ച് ഗോളുകള്‍ നേടി. സൗന്ദര്യ യെന്‍ഡേല രണ്ടും റാണി, സോണിക, ജ്യോതി ഗുപ്ത, ദീപിക, ഗുര്‍ജീത്കൗര്‍ എന്നിവര്‍ ഓരോ ഗോളും നേടി.
















