ഇസ്ലാമാബാദ്: പത്താന്‍കോട് വ്യോമസേനാത്താവളത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസറിനെ കുറ്റവിമുക്തനാക്കി പാക് അന്വേഷണ സംഘം.
ആക്രമണത്തിനുപിന്നില്‍ മസൂദാണെന്ന് തെളിവൊന്നുമില്ലെന്നാണ് പാക് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.ഇക്കാര്യം അവര്‍ ഭാരതത്തെ അറിയിച്ചതായും പാക് പത്രം ദ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. മസൂദിനെതിരെ ഭാരതം നല്‍കിയ തെളിവുകള്‍ പര്യാപ്തമല്ലത്രേ. ജെയ്‌ഷെ മുഹമ്മദിന്റെ ചില താഴെക്കിടയിലുള്ള നേതാക്കള്‍ നടത്തിയതായിരിക്കാം സ്‌ഫോടനമെന്നും പാക് സംഘം പറയുന്നു.
ഭാരതത്തിന്റെ ആവശ്യപ്രകാരം പാക് പ്രധാനമന്ത്രി നവാസ് ഷെരീഫാണ് അന്വേഷണ സംഘത്തെ നിയോഗിച്ചത്. പാക് അന്വേഷണം വെറും പ്രഹസനമാണെന്നു നേരത്തെ തന്നെ വ്യക്തമായിരുന്നു. അന്താരാഷ്‌ട്ര സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ അന്വേഷണത്തിന് ഉത്തരവിട്ടപ്പോഴും എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന് ഭാരതം കരുതിയിരുന്നുമില്ല. ജനുവരി രണ്ടിനാണ് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ പത്താന്‍കോട്ടെ വ്യോമസേനാത്താവളം ആക്രമിച്ചത്.
















