ഗുവാഹത്തി: ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു. ഇന്നലെ വനിതകളുടെ 58 കി.ഗ്രാം വിഭാഗത്തില്‍ സരസ്വതി റൗത്തും, 69 കി.ഗ്രാമില്‍ രാഖി ഹലേറും പുരുഷന്മാരുടെ 69 കി.ഗ്രാം വിഭാഗത്തില്‍ സാംബോ ലാപുങും 77 കി. ഗ്രാം വിഭാഗത്തില്‍ അജയ് സിങുമാണ് ഇന്ത്യക്കായി പൊന്നണിഞ്ഞവര്‍.
പുരുഷ വിഭാഗത്തില്‍ സ്‌നാച്ചില്‍ 128ഉം ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 158ഉം കി.ഗ്രാം ഭാരം ഉയര്‍ത്തിയാണ് സാംബോ ലാപുങ് രാജ്യത്തിനായി പൊന്നണിഞ്ഞത്. ശ്രീലങ്കയുടെ ചണ്ഡിക ചതുരംഗ വെള്ളിയും പാക്കിസ്ഥാന്റെ അബു സുഫിയാന്‍ വെങ്കലവും നേടി.
വനിതാ വിഭാഗത്തില്‍ 187 കിലോഗ്രാം ഭാരം ഉയര്‍ത്തിയാണ് സരസ്വതി റൗത്ത് പൊന്നണിഞ്ഞത്. സ്‌നാച്ചില്‍ 80ഉം ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 107 കി.ഗ്രാമുമാണ് സരസ്വതി ഉയര്‍ത്തിയത്. ബംഗ്ലാദേശിന്റെ ഫുല്ലപതി ചക്മ ഇരുവിഭാഗങ്ങളിലുമായി 144 കി.ഗ്രാം ഉയര്‍ത്തി വെള്ളിയും ശ്രീലങ്കയുടെ ഉമീര മൊഹിദ്ദീന്‍ 142 കി. ഗ്രാം ഉയര്‍ത്തി വെങ്കലവും നേടി.
പുരുഷന്മാരുടെ 77 കി.ഗ്രാം വിഭാഗത്തില്‍ 305 കി.ഗ്രാം ഉയര്‍ത്തി ഇന്ത്യന്‍ താരം അജയ് സിങ് പൊന്നണിഞ്ഞു. സ്‌നാച്ചില്‍ 136 കി.ഗ്രാമും ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 169 കി.ഗ്രാമുമാണ് അജയ് സിങ് ഉയര്‍ത്തിയത്. 300 കി.ഗ്രാം ഉയര്‍ത്തിയ ശ്രീലങ്കയുടെ ചിന്തന ഗീതല്‍ വിദംഗെ വെള്ളിയും 281 കി.ഗ്രാം ഉയര്‍ത്തിയ പാക്കിസ്ഥാന്റെ ഉമര്‍ റസൂല്‍ വെങ്കലവും സ്വന്തമാക്കി. ആദ്യദിനത്തില്‍ മൂന്ന് സ്വര്‍ണ്ണം നേടിയ ഇന്ത്യയുടെ ഭാരോദ്വഹനത്തിലെ നേട്ടം അഞ്ച് സ്വര്‍ണ്ണമായി.
വനിതകളുടെ 69 കി.ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ രാഖി ഹലേര്‍ സ്‌നാച്ചിലും ജര്‍ക്കിലുമായി 194 കി. ഗ്രാം ഉയര്‍ത്തി സ്വര്‍ണ്ണം നേടി. 169 കി.ഗ്രാം ഉയര്‍ത്തി ബംഗ്ലാദേശിന്റെ സാഥി സുല്‍ത്താന വെള്ളിയും 161 കി.ഗ്രാം ഉയര്‍ത്തി ശ്രീലങ്കയുടെ ചതുരിക പ്രിയന്തി വെങ്കലവും കരസ്ഥമാക്കി.
അതേസമയം വനിതകളുടെ 63 കി.ഗ്രാം വിഭാഗത്തില്‍ ഇന്ത്യക്ക് മെഡലില്ല. ബംഗ്ലാദേശിന്റെ മാബിയ അക്തര്‍ സ്‌നാച്ചിലും ജര്‍ക്കിലുമായി 149 കി.ഗ്രാം ഉയര്‍ത്തിയാണ് സ്വര്‍ണ്ണം സ്വന്തമാക്കിയത്.
ശ്രീലങ്കയുടെ അയേഷ വിനോദനി ധര്‍മ്മസേന 138 കി.ഗ്രാം ഉയര്‍ത്തി വെള്ളിയും നേപ്പാളിന്റെ ജുന്‍ മായാ ചാണ്ഡ്യല്‍ 125 കി.ഗ്രാം ഉയര്‍ത്തി വെങ്കലവും സ്വന്തമാക്കി.
















