ഗുവാഹത്തി: സൈക്ലിങില്‍ മലയാളി താരം ഇന്ത്യക്കായി പൊന്നണിഞ്ഞു. വനിതകളുടെ വനിതകളുടെ 40 കി.മീ. ക്രൈറ്റീരിയത്തില്‍ ലിഡിയമോള്‍ സണ്ണിയാണ് ഇന്ത്യയുടെ സുവര്‍ണ്ണജേത്രി. 30 പോയിന്റ് നേടിയാണ് ലിഡിയമോള്‍ പൊന്നണിഞ്ഞത്. സാഫ് ഗെയിംസില്‍ ലിഡിയയുടെ ആദ്യ സ്വര്‍ണ്ണമാണിത്.
26 പോയിന്റ് േനടിയ ഇന്ത്യയുടെ തന്നെ മനോരമ ദേവി വെള്ളിയും നേടി. ശ്രീലങ്കയുടെ സുധരിക പ്രിയദര്‍ശനി 9 പോയിന്റുമായി വെങ്കലം കരസ്ഥമാക്കി. കോട്ടയം ചെങ്ങളം സ്വദേശിയായ ലിഡിയ മോള്‍ ദ്രോണാചാര്യ ചന്ദ്രന്‍ ചെട്ടിയാരുടെ കീഴിലാണ് പരിശീലിക്കുന്നത്.
കോട്ടയം ചെങ്ങളം മേനാംപറമ്പില്‍ സണ്ണിക്കുട്ടിയുടെയും വീട്ടമ്മയായ ലിസിമോളുടെയും മകളായ ലിഡിയ 2008 മുതല്‍ ചന്ദ്രന്‍ ചെട്ടിയാരുടെ ശിഷ്യയാണ്. സ്വര്‍ണ്ണനേട്ടത്തില്‍ സന്തോഷമുണ്ടെന്നും മെഡല്‍ പരിശീലകന് സമര്‍പ്പിക്കുന്നുവെന്നും മത്സരശേഷം ലിഡിയ മോള്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസില്‍ ട്രാക്കിനിത്തിലും ലിഡിയ സ്വര്‍ണ്ണം നേടിയിരുന്നു.
ചെമ്പഴന്തി എസ്എന്‍ കോളജില്‍ ബിഎസ്‌സി സൈക്കോളജി അവസാന വര്‍ഷവിദ്യാര്‍ഥിനിയാണ് ലിഡിയ. തിരുവനന്തപുരത്ത് സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴിലാണ് പരിശീലനം. ചൊവ്വാഴ്ച 80 കി.മീറ്ററിലും ലിഡിയ മത്സരിക്കാനിറങ്ങുന്നുണ്ട്.
മലയാളി താരമായ സയോണയും ലിഡിയക്ക് ഒപ്പം സൈക്കിള്‍ ചവിട്ടാനുണ്ടായിരുന്നു. അഞ്ച് കിലോ മീറ്റര്‍ വീതമുള്ള എട്ട് ലാപ്പുകളിലും ലിഡിയ തന്നെയായിരുന്നു മുന്നില്‍. സയോണ മത്സരത്തിന്റെ അവസാന ലാപ്പ് വരെ മൂന്നാം സ്ഥാനത്തുണ്ടായിരുന്നു. എന്നാല്‍ ഇടയ്‌ക്ക് ടയര്‍ പഞ്ചറായതോടെ സയോണ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അതേസമയം പുരുഷന്മാരുടെ 60 കി.മീറ്റര്‍ വിഭാഗത്തില്‍ ഇന്ത്യ വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടു. സ്വര്‍ണ്ണവും വെള്ളിയും ശ്രീലങ്കക്ക്. അവരുടെ ജീവന്‍ മഞ്ജുള ജയസിംഗെ സില്‍വ 34 പോയിന്റുമായി സ്വര്‍ണ്ണവും നവീന്‍ രുചിര അപ്പുഹാമി 24 പോയിന്റുമായി വെള്ളിയും നേടി. 21 പോയിന്റുമായാണ് ഇന്ത്യയുടെ പങ്കജ് കുമാര്‍ വെങ്കലം കരസ്ഥമാക്കിയത്.
മീറ്റിന്റെ ആദ്യദിനം ഇന്ത്യ രണ്ട് സ്വര്‍ണ്ണവും രണ്ട് വെള്ളിയും സൈക്ലിങ്ങില്‍ നിന്ന് നേടിയിരുന്നു. ഇന്നലത്തെ നേട്ടത്തോടെ സൈക്ലിങ്ങില്‍ നിന്നുള്ള മെഡല്‍ നേട്ടം മൂന്ന് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമായി.
















