കോട്ടയം: നഗരത്തില്‍ അഞ്ചേരി ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യപ്രശ്‌നം പരിഹരിച്ചു. മാലിന്യം രൂക്ഷമായ സാഹചര്യത്തില്‍ പരിസരവാസികള്‍ ജില്ലാ കളക്ടര്‍ യു.വി. ജോസിന് പരാതി നല്‍കുകയായിരുന്നു.
കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും മുട്ടമ്പലം വില്ലേജോഫീസറും സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സെന്റ് ജോസഫ് ഓര്‍ഫനേജിലേയും ഡേകെയര്‍ സെന്ററിലേയും കുട്ടികളെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ ഇതില്‍ ചൈല്‍ഡ് ലൈനും ഇടപ്പെട്ടിരുന്നു. പൊട്ടി ഒഴുകുന്ന ടോയ്‌ലെറ്റുകള്‍ നന്നാക്കണമെന്നും കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിപ്പ് നല്‍കിയിരുന്നു.
അല്ലാത്തപക്ഷം മലിനീകരണ നിയന്ത്രണ നിയമപ്രകാരം കേസെടുക്കാനായിരുന്നു നോട്ടീസ്. തുടര്‍ന്ന് ഷോപ്പിംഗ് കോംപ്ലക്‌സ് ഓണേഴ്‌സ് വെല്‍ഫയര്‍ അസ്സോസിയേഷന്‍ മുന്‍കൈയടുത്ത് പ്രവര്‍ത്തനരഹിതമായി കിടന്നിരുന്ന ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തനക്ഷമമാക്കി. മാലിന്യങ്ങള്‍ നീക്കം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി പിന്‍വലിച്ചതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലുമുണ്ടാകുന്ന മാലിന്യങ്ങള്‍ അവരവരുടെ ഉത്തരവാദിത്തത്തില്‍ സംസ്‌കരിക്കണം. അല്ലാത്തവര്‍ക്കെതിരെ പൊതുശല്യമായി കരുതി മലിനീകരണ നിയന്ത്രണ നിയമപ്രകാരം കേസ്സെടുക്കുമെന്നും ചൂണ്ടിക്കാട്ടി.
















