ഇരിട്ടി: പഴശ്ശി ജലാശയത്തില്‍ സബ്‌ബോട്ടം പ്രൊഫൈല്‍ (എസ്ബിപി )സര്‍വേ നടന്നു. പത്തു ദിവസമായി പഴശ്ശി അണക്കെട്ട് മുതല്‍ പത്ത് കിലോമീറ്ററില്‍ ഏറെ വരുന്ന അണക്കെട്ടിന്റെ വെള്ളം കയറിക്കിടക്കുന്ന പ്രദേശത്ത് നടത്തിയ സര്‍വേ വെള്ളിയാഴ്ചയോടെ അവസാനിച്ചു. പഴശ്ശി അണക്കെട്ടിലെ പൂര്‍ണ്ണ സംഭരണ ശേഷിയായ 26.52 വിതാനത്തില്‍ ജലം സംഭരിച്ചാണ് വെള്ളത്തിന്റെ ആകെ സംഭരണ ശേഷി അളന്ന് തിട്ടപ്പെടുത്തിയത്. കേരളാ സര്‍ക്കാരിന്റെ വാട്ടര്‍ റിസോര്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പീച്ചി കേരളാ ഇഞ്ചിനീയറിംഗ് റിസേര്‍ച്ച് ഇന്‍സ്‌റിറ്റിയൂട്ട് ഡെപ്യൂട്ടി ഡയരക്ടര്‍ കെ.കെ.ഷിനി, അസി. ഡയരക്ടര്‍ അജിത്ത്, ജോയിന്റ് ഡയരക്ടര്‍ ഫ്രാന്‍സിസ് എന്നിവരാണ് സര്‍വേക്ക് നേതൃത്വം നല്‍കിയത്.
അണക്കെട്ടിന്റെ ജല സംഭരണശേഷി അളക്കുക (ഇന്റഗ്രേറ്റഡ് ബാത്തി മെട്രി സിസ്റ്റം ഐബിഎസ്) എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അഞ്ചു വര്‍ഷം മുന്‍പ് ഇതുപോലുള്ള സര്‍വേ പഴശ്ശി അണക്കെട്ടില്‍ നടന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ അന്ന് ജലാശയത്തിലെ ജലത്തിന്റെ അളവ് മാത്രമാണ് എടുത്തിരുന്നതെങ്കില്‍ ഇന്ന് ജലാശയത്തില്‍ അടിഞ്ഞു കൂടിയ ചെളിയുടെ അളവ് കൂടി പഠന വിധേയമാക്കുന്നുണ്ട് എന്നതാണ് പ്രത്യേകത. ഇതിനായി ഉപയോഗിക്കുന്ന ഏറ്റവും പുതിയ ഉപകരണമാണ് എസ് ബി പി. കേരളത്തില്‍ ഇന്ന് പീച്ചി കേരളാ എഞ്ചിനീയറിംഗ് റിസേര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടില്‍ മാത്രമേ ഈ ഉപകരണം ലഭ്യമായിട്ടുള്ളൂ. ഈ ഉപകരണം ഉപയോഗിച്ച് ആദ്യമായി ഈ രീതിയില്‍ സര്‍വേ നടക്കുന്നതും പഴശ്ശി ജലാശയത്തില്‍ ആണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേരളത്തിലെ ഇരുപത്തി നാലോളം അണക്കെട്ടുകളിലും ഇത് പോലുള്ള സര്‍വേ തുടര്‍ന്ന് നടക്കും.
ഈ സര്‍വേ ഡാറ്റകള്‍ മുഴുവന്‍ ശേഖരിച്ച് അഞ്ചു വര്‍ഷം മുന്‍പ് നടന്ന സര്‍വേയും ഇപ്പോള്‍ നടത്തിയിരിക്കുന്ന സര്‍വേയും തമ്മില്‍ വന്നിരിക്കുന്ന അന്തരം കണക്കുകൂട്ടി ഇതിന്റെ റിപ്പോര്‍ട്ട് ചീഫ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിക്കും. ഇതിലൂടെ അണക്കെട്ടില്‍ അടിഞ്ഞു കൂടിയ മണ്ണിന്റെയും മണ്ണ് തള്ളിയും മറ്റും നടത്തിയിരിക്കുന്ന കയ്യേറ്റങ്ങളുടെ വ്യാപ്തിയും ജലസംഭരണ ശേഷിയില്‍ വന്നിരിക്കുന്ന മാറ്റങ്ങളും മറ്റും പഠന വിധേയമാക്കുവാന്‍ കഴിയും എന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം.
















