കേളകം: കേളകം ചെട്ട്യാംപറമ്പ് തുള്ളലിലും പൂക്കുണ്ടിലും കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഒരു കടയും തകര്‍ത്തിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി 9 മണിയോടെ ചെട്ട്യാംപറമ്പ് തുള്ളലില്‍ ചീങ്കണ്ണിപ്പുഴ കടന്ന് ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനക്കൂട്ടം വാഴ, തെങ്ങ്, കശുമാവ്, മരച്ചീനി തുടങ്ങിയവ നശിപ്പിക്കുകയായിരുന്നു. കണിച്ചാര്‍ അടക്കാത്തോട് റോഡിലെ പാലത്തിങ്കല്‍ സാജന്റെ കടയും കാട്ടാനക്കൂട്ടം തകര്‍ത്തു. തുള്ളലിലെത്തിയ കാട്ടാനക്കൂട്ടത്തെ വനപാലകരും നാട്ടുകാരും പടക്കം പൊട്ടിച്ചും മറ്റും തുരത്തിയെങ്കിലും ഇവ പിന്നീട് പൂക്കുണ്ടിലെത്തുകയായിരുന്നു. ഇന്നലെ രാവിലെയോടെയാണ് കാട്ടാനക്കൂട്ടം കാട്ടിലേക്ക് തിരിച്ചു കയറിയത്.
















