ഗുവാഹത്തി: സാഫ് ഗെയിംസ് വനിതാ വോളിബോളില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ഗ്രൂപ്പ് എയില്‍ മാലിദ്വീപിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ വിജയം നേടിയത്. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ 25-9, 25-9, 25-10 എന്ന ക്രമത്തിലായിരുന്നു ഇന്ത്യന്‍ വനിതകളുടെ പടയോട്ടം. വനിതകളുടെ ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ശ്രീലങ്ക നേപ്പാളിശന 25-19, 25-14, 28-26 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കും പരാജയപ്പെടുത്തി.
പുരുഷ വിഭാഗത്തില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ ടീമുകളും വിജയത്തുടക്കമിട്ടു. ഗ്രൂപ്പ് ബിയില്‍ പാക്കിസ്ഥാന്‍ മാല്‍ദ്വീപിനെ 25-22, 25-14, 25-20 എന്ന സ്‌കോറിനും ബംഗ്ലാദേശ് 25-12, 20-25, 21-25, 31-29, 15-13 എന്ന ക്രമത്തില്‍ അഞ്ച് സെറ്റ് നീണ്ട വാശിയേറിയ പേരാട്ടത്തിനൊടുവിലുമാണ് വിജയം കണ്ടത്. ഗ്രൂപ്പ് എയില്‍ ശ്രീലങ്ക 25-10, 25-15, 25-10 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് നേപ്പാളിനെ കീഴടക്കി.
ഇന്ന് നിലവിലെ സ്വര്‍ണ്ണമെഡല്‍ ജേതാക്കളായ ഇന്ത്യ ഗ്രൂപ്പ് എയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ നേപ്പാളുമായി ഏറ്റുമുട്ടും. മറ്റ് കളികളില്‍ ബംഗ്ലാദേശ് മാലിദ്വീപുമായും പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനുമായും കൊമ്പുകോര്‍ക്കും.
അതേസമയം ഷില്ലോങിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന വനിതാ ഫുട്‌ബോളില്‍ ഇന്ത്യന്‍ വനിതകളെ മാലിദ്വീപ് ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടി. അതേസമയം മറ്റൊരു മത്സരത്തില്‍ നേപ്പാള്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബംഗ്ലാദേശ് വനിതകളെ തകര്‍ത്ത് വിജയത്തുടക്കം കുറിച്ചു. രണ്ടാം മിനിറ്റില്‍ ദീപ അധികാരി, 17-ാം മിനിറ്റില്‍ അനു ലാമ, 90-ാം മിനിറ്റില്‍ നീരു ഥാപ്പ എന്നിവര്‍ നേപ്പാളിന്റെ ഗോളുകള്‍ നേടി.
പുരുഷ വിഭാഗത്തില്‍ ഇന്ത്യക്ക് ഇന്ന് ആദ്യ അങ്കം. ഗ്രൂപ്പ് എയില്‍ ശ്രീലങ്കയാണ് എതിരാളികള്‍.
















